തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപം യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവതി പിടിയിൽ.പത്തനംതിട്ട ജില്ലയിൽ മലയാലപ്പുഴ ഏറമിൽ പുതിയപാട് ആഞ്ഞിലിവിളവീട്ടിൽ സ്നേഹ അനിലി(23)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് സനേഹ. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ.
നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.
ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.