ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ തീരുമാനം റദ്ദാക്കിയെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്നാണ് തമീം ഇഖ്ബാൽ വിരമിക്കൽ തീരുമാനം റദ്ദാക്കിയതെന്നാണ് സൂചന.
അഫ്ഗാനിസ്ഥാനുമായുള്ള ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിൽ ടീം പരാജയപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തൻ്റെ ഔദ്യോഗിക വസതിയിലേക്ക് തമീം ഇഖ്ബാലിനെ വിളിപ്പിച്ചു. ഭാര്യയോടൊപ്പം ഔദ്യോഗിക വസതിയിലെത്തിയ തമീം പ്രധാനമന്ത്രിയെ കണ്ടു. മുൻക്യാപ്റ്റനും നിലവിൽ പാർലമെൻ്റ് എംപിയുമായ മഷ്റഫെ മൊർത്താസയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ നസ്മുൽ ഹസ്സനും പ്രധാനമന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.
തമീം ഇഖ്ബാലിൻ്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മഷ്റഫെ ആണ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടൽ നടത്തിയതെന്നാണ് സൂചന. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തമീം തയ്യാറായെന്നാണ് സൂചന.
ഇന്ന് ഉച്ചയ്ക്ക് ഇവിടെയത്താൻ പ്രധാനമന്ത്രി എന്നോട് ആവശ്യപ്പെട്ടു. ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു. വിരമിക്കൽ പ്രഖ്യാപനം റദ്ദാക്കി ക്രിക്കറ്റിലേക്ക് തിരിച്ചു വരാൻ ആദരണീയായ പ്രധാനമന്ത്രി എന്നോട് ആവശ്യപ്പെട്ടു. ആ ആവശ്യം അംഗീകരിച്ച് കൊണ്ട് എൻ്റെ വിരമിക്കൽ പ്രഖ്യാപനം ഞാൻ പിൻവലിക്കുന്നു. – കൂടിക്കാഴ്ചയ്ക്ക് ശേഷം ധാക്കയിൽ മാധ്യമങ്ങളെ കണ്ട തമീം ഇഖ്ബാൽ പറഞ്ഞു.
എനിക്ക് ആരോട് വേണമെങ്കിലും നോ പറയാം എന്നാൽ രാജ്യത്തെ പ്രധാനമന്ത്രിയോട് പറ്റില്ല. മഷ്റഫെ ഭായിയും ഹസ്സൻ ഭായിയും ഇവിടെയുണ്ടായിരുന്നു. ഈ തീരുമാനം എടുത്തതിൽ പ്രധാനമന്ത്രിക്കൊപ്പം അവർക്കും പങ്കുണ്ട്. പരിക്കേറ്റതിനാൽ ആറ് ആഴ്ചത്തെ അവധി എനിക്ക് അനുവദിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് ഞാൻ ടീമിനൊപ്പം ചേരും – തമീം അറിയിച്ചു.
തമീം ഇഖ്ബാലിൻ്റെ അപ്രതീക്ഷിത വിരമിക്കലിനെ തുടർന്ന് ലിറ്റോൺ ദാസിനെ ക്യാപ്റ്റനായി നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനുമായുള്ള പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ലിറ്റോൺ ദാസാവും ടീമീനെ നയിക്കുക.