ഡൽഹി: പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബംഗ്ലാദേശിൽ നിന്നും പുറത്തു കടന്ന ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചു. നിലവിൽ ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിലാണ് ഷെയ്ഖ് ഹസീനയും സഹോദരിയുമുള്ളത്. ഇവിടെ നിന്നും ഹസീന ലണ്ടനിലേക്ക് പോയേക്കും എന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് അഞ്ചരയോടെയാണ് ഹിൻഡൻ വിമാനത്താവളത്തിൽ ഷെയ്ഖ് ഹസീനയുമായി ബംഗ്ലാദേശ് സൈനിക വിമാനം ലാൻഡ് ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഹിൻഡൻ വിമാനത്താവളത്തിലെത്തി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും തൻ്റെ അടുത്ത നീക്കവും ഹസീന ഡോവലിനെ ധരിപ്പിച്ചു എന്നാണ് വിവരം. ഇന്ത്യയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷതിമായി മുന്നോട്ട് നീങ്ങാനുള്ള സഹായം ഇന്ത്യൻ സർക്കാർ ചെയ്തേക്കും എന്നാണ് വിവരം.
അതിനിടെ പാർലമെൻ്റിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഷെയ്ഖ് ഹസീനയും അവരുടെ അവാമി ലീഗ് പാർട്ടിയും പരമ്പരാഗതമായി ഇന്ത്യയോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളും പുതിയ സർക്കാരിൻ്റെ രൂപീകരണവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തുകയും ധാക്കയിലെ സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ധാക്കയിൽ സ്ഥിതിഗതികൾ മോശമായി തുടരുകയാണ്. സൈന്യം കൈവിട്ടതോടെയാണ് ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതെന്നാണ് സൂചന. ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടതിന് പിന്നാലെ പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറി. പാർലമെൻ്റിലും എത്തിയ പ്രക്ഷോഭകർ വലിയ തോതിൽ നാശനഷ്ടം വരുത്തി. അവാമി ലീഗിൻ്റെ ധാക്കയിലെ ഓഫീസിനും പ്രക്ഷോഭകർ തീയിട്ടുവെന്നാണ് വിവരം. രാഷ്ട്ര പിതാവായ മുജീബുൾ റഹ്മാൻ്റ പ്രതിമകളും ബംഗബന്ധു മെമ്മോറിയൽ മ്യൂസിയവും തകർക്കപ്പെട്ടു.
പ്രക്ഷോഭകരോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ട ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വഖാർ ഉസ് സമൻ ഇടക്കാല സർക്കാർ രൂപീകരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം നൂറിലേറെ പ്രക്ഷോഭകർ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സമരക്കാർകൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് സൈനിക മേധാവി വ്യക്തമാക്കിയിട്ടുണ്ട്.