ചെന്നൈ: തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ (ടിഎംബി) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എസ് കൃഷ്ണൻ രാജിവച്ചു. ചെന്നൈ സ്വദേശിയായ ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ എത്തിയ സംഭവത്തിന് പിന്നാലെയാണ് ബാങ്ക് സിഇഒയുടെ രാജി.
അതേസമയം വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് എസ്.കൃഷ്ണൻ്റെ രാജിയെന്ന് ഒരു ഉന്നത ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നീണ്ടകാലം കാലാവധി ബാക്കിയുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ രാജിക്കത്തിൽ പറയുന്നത്. 2022 സെപ്റ്റംബറിലാണ് ബാങ്കിൻ്റെ തലവനായി എസ്. കൃഷ്ണൻ ചുമതലയേറ്റത്.
തൂത്തുക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കൻ്റയിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് വ്യാഴാഴ്ച യോഗം ചേർന്നു. തുടർന്ന് ബോർഡ് രാജി സ്വീകരിക്കുകയും റിസർവ് ബാങ്കിൻ്റെ അനുമതിക്കായി കൈമാറുകയും ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും തുടർനിർദേശം ലഭിക്കുന്നതു വരെ എസ്.കൃഷ്ണൻ എംഡിയും സിഇഒയും ആയി തുടരുമെന്ന് ഡയറക്ടർ ബോർഡ് അറിയിച്ചു.
ചെന്നൈയിൽ ടാക്സി ഡ്രൈവറായ രാജ്കുമാറിൻ്റെ അക്കൗണ്ടിലേക്കാണ് 9000 കോടി എത്തിയത്. പണം ക്രെഡിറ്റായി കാണിച്ചുള്ള ടെക്സ്റ്റ് മെസേജ് വന്നതോടെ രാജ്കുമാർ ആകെ അങ്കലാപ്പിലായിരുന്നു. തുടർന്ന് സംശയം തീർക്കാൻ അദ്ദേഹം സുഹൃത്തിന് 21000 രൂപ യുപിഐ വഴി അയച്ചു. ഇതോടെയാണ് അക്കൗണ്ടിൽ ഇത്രയും പണം എത്തിയെന്ന് അദ്ദേഹത്തിന് മനസ്സിലായത്.
എന്നാൽ അൽപസമയത്തിനകം തന്നെ ഈ പണം രാജ്കുമാറിൻ്റെ അക്കൗണ്ടിൽ നിന്നും ബാങ്ക് തിരികെയെടുത്തു. സംഭവത്തിൽ പരാതിയുമായി ഇയാൾ രംഗത്ത് വന്നതോടെ മാധ്യമങ്ങളിൽ അടക്കം സംഭവം വാർത്തയായിരുന്നു. ബാങ്ക് അധികൃതരുമായി നടത്തിയ ചർച്ചയിൽ രാജ്കുമാർ സുഹൃത്തിന് അയച്ച 21000 രൂപ ബാങ്ക് വേണ്ടെന്ന് വയ്ക്കുകയും ഇയാൾക്ക് പുതിയ കാർ ലോൺ അനുവദിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.