ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഡബ്ബിംഗിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുഴഞ്ഞു വീണ മാരിമുത്തുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തിയ ജയിലറായിരുന്നു മാരിമുത്തുവിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം
രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ് ടെലിവിഷൻ രംഗത്തും സിനിമാ മേഖലയിലും സജീവസാന്നിധ്യമായി നിറഞ്ഞുനിൽക്കുകയായിരുന്നു മാരിമുത്തു. ഹോട്ടലിൽ വെയിറ്ററായി കരിയർ തുടങ്ങിയ മാരിമുത്തു സിനിമാ സ്വപ്നങ്ങളുമായി 1990 ലാണ് ചെന്നൈയിലെത്തിയത്.കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്.
2014-ൽ പുറത്തിറങ്ങിയ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയത്. 2020 ൽ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു മാരിമുത്തുവിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രജനീകാന്ത് നായകനായെത്തിയ ജയിലറായിരുന്നു അവസാനമായി പുറത്തിറങ്ങിയ ചിത്രം. കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിൽ പ്രധാനവേഷം ചെയ്തുകൊണ്ടിരിക്കവേയാണ് അപ്രതീക്ഷിത വിടവാങ്ങൽ.