മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രിം കോടതി. വിഷയത്തിൽ സമാനമായ ഹർജി ദില്ലി ഹൈക്കോടതിയിൽ നിലനിൽക്കുന്ന കാര്യം അഭിഭാഷകനായ കെ കെ വേണുഗോപാൽ കോടതിയിൽ വാദിച്ചു. തുടർന്ന് ഹർജിക്കാരനായ യുപി സ്വദേശി സെയ്ദ് വസീം റിസ്വി ഹർജി പിൻവലിക്കാൻ അനുമതി തേടുകയായിരുന്നു
യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനായിരുന്നു ഹർജിക്കാരൻ. പിന്നീട് ഇയാൾ ഹിന്ദുമതം സ്വീകരിച്ച ശേഷമാണ് ഹർജി ഫയൽ ചെയ്തത്. മുസ്ലിം സംഘടനകളെ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശിവസേന, അകാലിദൾ തുടങ്ങിയ സംഘടനകളെ കക്ഷി ചേർക്കാത്തതെന്തുകൊണ്ടാണെന്നും മുസ്ലിം ലീഗ് കോടതിയിൽ ചോദിച്ചു. കൂടാതെ ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും മുസ്ലിം ലീഗ് കോടതിയിൽ ചൂണ്ടിക്കാട്ടി.
എംഐഎമ്മിന് വേണ്ടി വാദിക്കുന്ന കെ കെ വേണുഗോപാൽ വിഷയത്തിൽ സമാന ഹർജി ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്നതായും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ സുപ്രിം കോടതി തീർപ്പ് കൽപ്പിക്കുന്നത് ശരിയല്ലെന്നും കോടതിയിൽ വാദിച്ചു