യുഎഇ യ്ക്ക് ഇന്ന് അഭിമാനത്തിന്റെ കാൽവയ്പ്പ്. അറബ് ലോകത്തെ ദീർഘകാല ബഹിരാഹാകാശ യാത്രികനായ സുൽത്താൻ അൽ നിയാദി ഇന്ന് ബഹിരാകാശത്ത് ചരിത്രനടത്തത്തിനിറങ്ങും.ഇതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരനെന്ന സ്വപ്നനേട്ടം സുൽത്താൻ അൽ നിയാദി കൈവരിക്കും.വെള്ളിയാഴ്ച വൈകിട്ട് യുഎഇ സമയം 5.15 നാണ് നിയാദിയുടെ ബഹിരാകാശ നടത്തം നിശ്ചയിച്ചിട്ടുള്ളത്.
നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവിനൊപ്പമായിരിക്കും അൽ നിയാദി ചരിത്രനടത്തത്തിനിറങ്ങുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂർ ഇരുവരും അന്തരീക്ഷത്തിൽ ചെലവഴിക്കും.ബഹിരാകാശ നിലയത്തിന്റെ സയൻസ് ലബോറട്ടറിക്ക് പുറത്തു സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിക്കേഷൻ ഹാർഡ്വെയർ മാറ്റിസ്ഥാപിക്കുകയും ചെയ്യും. വൈകിട്ട് 4 .30 മുതൽ http://mbrsc.ae/live എന്ന വെബ്സൈറ്റിലൂടെ തത്സമയ സംപ്രേഷണവുമുണ്ടാകും.
നാസയാണ് സുൽത്താൻ അൽ നിയാദിയെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. 2018 മുതൽ ബഹിരാകാശത്തു നടക്കാനുള്ള പരിശീലനത്തിലായിരുന്നു അദ്ദേഹം. ബഹിരാകാശനടത്തത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററും അറിയിച്ചു.