മലപ്പുറം: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കൊടും കുറ്റവാളിയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറെന്ന് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. പൊലീസിലുള്ളവർക്കെതിരെ ഇനിയും തെളിവുകൾ പുറത്ത് വിടാനുണ്ടെന്നും പി.വി അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണ്. പൊലീസിനെ നിയന്ത്രിക്കുന്നതിൽ ശശി പരാജയപ്പെട്ടു. എസ്.പി സുജിത് കുമാറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. പിടികൂടുന്ന സ്വർണത്തിന്റെ 60 ശതമാനം എസ്.പി അടിച്ച് മാറ്റുകയാണ് ചെയ്യുന്നത്.
എസ്.പിയുടെ ഡാൻസാഫ് സംഘത്തിനും സ്വർണക്കടത്തിൽ പങ്കുണ്ട്. അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോൾ റെക്കോഡ് തന്റെ കൈവശമുണ്ടെന്നും പി.വി അൻവർ അവകാശപ്പെട്ടു. എം.ആർ അജിത് കുമാർ കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പിൽ വരും. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്.
ദുബായിൽ നിന്ന് വരുന്ന സ്വർണം വരുമ്പോ ഒറ്റുകാർ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസിൽ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസിൽ അയാൾ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ്ങിൽ സ്വർണം കാണുന്നുണ്ട്. അവർ അത് കണ്ടതായി നടിക്കില്ല. പകരം ഇവർ പുറത്തിറങ്ങുമ്പോൾ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വർണം അടിച്ചുമാറ്റും .മന്ത്രിമാരുടെ ഉൾപ്പടെ ഫോൺ ചോർത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും അൻവർ ഉന്നയിച്ചു. ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംഘമുണ്ടെന്നും അൻവർ ആരോപിച്ചു.