യുഎഇ യിൽ കുട വില്പന കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കുതിച്ചുയർന്നതായി റിപ്പോർട്ടുകൾ. മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ ആളുകൾ കുട വാങ്ങാനിറങ്ങിയതാണ് വിപണിയിൽ മാറ്റം സൃഷ്ടിച്ചത്. സാധാരണ ഗതിയിൽ വേനൽക്കാലത്ത് ചൂടിൽ നിന്നും രക്ഷ നേടാൻ ആളുകൾ കുട ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ നിന്ന് രക്ഷ നേടാനാണ് ആളുകൾ കുട വാങ്ങിയത്.
മഴയ്ക്ക് മുന്നറിയിപ്പ് ലഭിക്കുമ്പോൾ ഇതാദ്യമായാണ് യുഎഇ യിൽ കുടകളുടെ വിപണിയിൽ പ്രകടമായ ഉയർച്ച രേഖപ്പെടുത്തുന്നതെന്ന് വിവിധ വ്യാപാരികളും അഭിപ്രായപ്പെട്ടു. ദിവസവും 20 നും മുപ്പതിനും ഇടയിലാണ് കുടകൾ വിറ്റുപോകുന്നതെന്നാണ് ഷാർജയിലെയും അജ്മാനിലേയും വ്യാപാരികൾ പറയുന്നത്.
യുഎഇ യിൽ വേനൽക്കാലം ശക്തമാണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന മഴയും അപ്രതീക്ഷിത പൊടിക്കാറ്റും കുട വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ മാത്രമല്ല, പാർക്കുകളിലും ബീച്ചുകളിലും വേനലവധി ആഘോഷിക്കാനെത്തുന്നവരും സ്വയരക്ഷയ്ക്കായി കുട ഉപയോഗിക്കുന്നുണ്ട്.