ജനജീവിതം ദുസ്സഹമാക്കിയ വേനൽക്കാലത്തിനും കൊടുംചൂടിനുമിടയിൽ ആശ്വാസമായി യുഎഇയുടെ മാനത്ത് സുഹൈൽ നക്ഷത്രം തെളിഞ്ഞു. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 53 ദിവസം നീണ്ടുനിൽക്കുന്ന ‘സുഹൈൽ’ സീസണിന്റെ തുടക്കമാവുന്നത് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ്.
ഒരു വർഷത്തെ 10 ദിവസം വീതമുള്ള ഭാഗങ്ങളായി വിഭജിക്കുന്ന ഡ്രൂർ എന്ന പുരാതന അറബ് വർഷം ആരംഭിക്കുന്നത് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെയാണ് എന്നാണ് വിശ്വാസം. ശരത്കാലം, ശീതകാലം, വസന്തകാലം എന്നിങ്ങനെ 100 ദിവസം വീതമുള്ള മൂന്ന് സീസണുകളാണ് ഡ്രൂർ കലണ്ടറിലുള്ളത്. സുഹൈൽ നക്ഷത്രം അപ്രത്യക്ഷപ്പെടുന്നതോടെ വേനൽക്കാലം ആരംഭിക്കുമെന്നാണ് യുഎഇയിലെ പരമ്പരാഗത വിശ്വാസം. മലയാളികളുടെ കൃഷി കലണ്ടറിന് സമാനമാണ് എമറാത്തികളുടെ ഡ്രൂർ കലണ്ടറും നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനം നോക്കിയാണ് ഇവർ മത്സ്യത്തൊഴിലാളികളും നാവികരും കടലിൽ പോകുക, ഔഷധസസ്യങ്ങളുടെ വിളവെടുപ്പും ഉപയോഗവും ഡ്രൂർ കലണ്ടർ അടിസ്ഥാനപ്പെടുത്തിയാണ്.
സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ ഉടൻ ചൂട് കുറയുമെന്ന് കരുതരുതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി കഴിഞ്ഞു. ഭൂമിയിലെ ഏതെങ്കിലും കാലാവസ്ഥാ വ്യതിയാനങ്ങളുമായി സുഹൈലിന് യാതൊരു ബന്ധവുമില്ലെന്ന് ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി (SAASST) ജനറൽ ഡയറക്ടർ പ്രൊഫസർ ഹമീദ് അൽ നൈമി ചൂണ്ടിക്കാട്ടുന്നു.
സുഹൈൽ നക്ഷത്രം കാലവസ്ഥാ മാറ്റത്തിൻ്റെ സൂചനയായി കാണാം, വേനൽക്കാലത്ത് നിന്നും ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിൻ്റെ തുടക്കമാണിത്. നിലവിൽ പകൽ സമയത്ത് ഉയർന്ന് നിൽക്കുന്ന അന്തരീക്ഷ താപനില വരും ദിവസങ്ങളിൽ കുറയും. രാത്രികാലത്ത് തണ്ണുപ്പ് പതിയെ കൂടാനും തുടങ്ങും. ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസൻ അൽ ഹരീരി പറയുന്നു.
“കാലം മാറി; ഭൂമി കൂടുതൽ ചൂടായി, വരും ദിവസങ്ങളിൽ താപനിലയിൽ ചെറിയ ഇടിവ് മാത്രമേ കാലാവസ്ഥാ വിദഗ്ധർ കണക്കാക്കുന്നുള്ളൂ. അതായത് സെപ്തംബർ അവസാനം വരെ – സുഹൈൽ രാത്രി ആകാശത്തിന്റെ മധ്യനിരയിലേക്ക് എത്തുന്നതോടെ -കാലാവസ്ഥ കൂടുതൽ മെച്ചപ്പെടും ചൂട് കുറയും,” ഒബ്സർവേറ്ററി വെബ്സൈറ്റിൽ പറയുന്നു. ഇനിയുള്ള ദിവസങ്ങളിൽ പകൽ സമയത്തിൻ്റെ ദൈർഘ്യം കുറയുകയും രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും.
ആകാശത്തിലെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമായതിനാൽ യുഎഇയുടെ മാനത്ത് സുഹൈൽ നക്ഷത്രത്തെ കണ്ടെത്താൻ വളരെ എളുപ്പമാണ്. പുലർച്ചെ സമയത്ത് സൂര്യോദയത്തിനുമുമ്പ് കിഴക്കോട്ട് നോക്കിയാൽ നിറശോഭയോടെ സുഹൈൽ നക്ഷത്രത്തെ കാണാനാവും. ശൈത്യകാലത്തിൻ്റെ അവസാനം വരെ സുഹൈൽ ആകാശത്തുണ്ടാക്കും.