ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന വണ്ടർ വുമണ് 2024 പുരസ്കാര ദാന ചടങ്ങില ശ്രദ്ധേയമായ മുഖമായിരുന്നു. സിവിൽ സർവ്വീസ് ജേതാവായ വയനാട് സ്വദേശിനി ഷെറിൻ ഷഹാന. 22-ാം വയസ്സിൽ അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ രണ്ട് വാരിയെല്ലുകളും തകർന്ന് കിടപ്പിലായ ഷെറിൻ സിവിൽ സർവ്വീസ് എന്ന സുവർണനേട്ടത്തിലേക്ക് എത്തിയത് അസാധാരണമായൊരു ജീവിതസമരത്തിനൊടുവിലാണ്.
ആ കഥയിലേക്ക്…
സ്കൂളിൻ്റെ പടി പോലും കാണാത്ത പരേതനായ ഉസ്മാൻ്റേയും മൂന്നാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ആമിനയുടേയും നാല് പെണ്മക്കളിൽ ഇളയവളായിരുന്നു ഷെറിൻ ഷഹാന. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലേക്ക് ഷെറിനെ തേടി വന്ന ആദ്യത്തെ വിവാഹലോചന തന്നെ വീട്ടുകാർ ഉറപ്പിച്ചു. കല്ല്യാണം നടത്തി.
എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാംനാൾ തുടങ്ങിയ ഗാർഹിക പീഡനം അവൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അങ്ങനെ ഗതികെട്ട് നിൽക്കുന്ന വീട്ടിലേക്ക് തന്നെ അവൾ ഭർത്താവിൻ്റെ വീട് ഉപേക്ഷിച്ച് തിരിച്ചെത്തി. വീണ്ടും പഠിക്കാൻ തുടങ്ങി.. പിജി പരീക്ഷയുടെ തലേനാൾ വീട്ടിലെ ടെറസിൽ ഉണക്കാനിട്ട തുണികൾ എടുക്കാൻ കയറിയ ഷഹാന മഴയത്ത് തെന്നി താഴേക്ക് വീണു. വീടിൻ്റെ സണ്ഷെയ്ഡിലേക്ക് നടു തല്ലി വീണ് താഴേക്ക് പതിച്ചതോടെ ഷെറിന് പിന്നെ എഴുന്നേൽക്കാനായില്ല.
ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ജീവിതം മാറ്റിമറിച്ച ആ വാർത്ത അവളെ അറിയിച്ചു.. ഇനിയൊരിക്കലും രണ്ട് കാലിൽ എഴുന്നേറ്റ് നടക്കാൻ ഷഹാനയ്ക്ക് ആകില്ല… ആശുപത്രിയിൽ ചികിത്സയിലുള്ള ഷഹാനയെ കാണാനെത്തിയ ഭർത്താവ് ഇങ്ങനെയൊരാൾക്കൊപ്പം ഇനി ജീവിക്കാനില്ലെന്ന തീരുമാനം തുറന്നു പറഞ്ഞു. മറ്റൊരു വിവാഹം കഴിച്ച് സ്വന്തം ജീവിതവുമായി മുന്നോട്ട് പോകാനായിരുന്നു അയാളുടെ തീരുമാനം.
നടന്ന് താണ്ടാനാവാത്ത ജീവിതം മുന്നിൽ ബാക്കിനിന്നിട്ടും അതൊരു വേദനയായി തോന്നിയില്ലെന്ന് പറയുന്നു ഷഹാന. കൊടിയ പീഡനം നിറഞ്ഞ വിവാഹജീവിതത്തിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്ന ആഹ്ളാദമാണ് അന്നേരം തോന്നിയത്. നീണ്ട നാളത്തെ ആശുപത്രി വാസത്തിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങി. പിന്നീടുള്ള രണ്ട് വർഷം വീടിനകത്ത് തളച്ചിട്ട ജീവിതമായിരുന്നു. ഇതിനിടയിൽ എപ്പോഴോ അടുത്ത വീടുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ ആരംഭിച്ചു. പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും പഠിച്ചു കയറാനുള്ളൊരു തീ മനസ്സിലുണ്ടായി.
കിടപ്പിലായവരും വീൽ ചെയറിലുള്ളവരുമെല്ലാം സിവിൽ സർവ്വീസ് പരീക്ഷകൾ എഴുതുകയും പാസ്സാവുകയും ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞപ്പോൾ അതിനായി ഒന്നു പൊരുതി നോക്കാൻ തീരുമാനിച്ചു. പിന്നെയെങ്ങോട്ട് വായനയായിരുന്നു ജീവിതം. കൈകൾ പോലും അനക്കാൻ പറ്റാതെ വന്നപ്പോൾ പുസ്തകത്തിലെ പേജുകൾ ഓരോന്നം മറച്ചു കൊടുത്തത് ഉമ്മയാണ്. അതിനിടെ നെറ്റ് പരീക്ഷ പാസായാത് വലിയ ധൈര്യമായി.
എന്നാൽ അധ്യാപക ജോലിക്ക് പോകാനുള്ള തീരുമാനം അറിഞ്ഞപ്പോൾ വയ്യാത്ത ഷഹാന എങ്ങനെ കോളേജിൽ പോയി പിള്ളേരെ പഠിപ്പിക്കും എന്ന അടക്കം പറച്ചിലുകളാണ് കേൾക്കേണ്ടി വന്നത്. പൊരുതി മുന്നേറി നെറ്റ് നേടിയപ്പോൾ കിട്ടിയ ആവേശം അതോടെ അടങ്ങി. കനൽ കെട്ടു പോയപ്പോൾ ധൈര്യം തന്ന് വീണ്ടും മുന്നോട്ട് തള്ളിയത് ഷഹാനയുടെ ഉമ്മയാണ്. വയനാട്ടിലെ കമ്പളക്കാട്ടിൽ നിന്നും വലിയൊരു ആകാശത്തേക്ക് പറക്കണമെന്നും തോൽപ്പിക്കാൻ ശ്രമിച്ച വിധിയോട് പോരാടി ജയിക്കണമെന്നും അവൾക്ക് തോന്നി.
പുതിയ ആകാശം, പുതിയ ജീവിതം..
എന്നാൽ വീണ്ടും പഠിക്കണമെന്നും പരീക്ഷ എഴുതണമെന്നുമുള്ള തീരുമാനത്തിന് പിന്തുണ തരാനോ സഹായിക്കാനോ ആരുമുണ്ടായില്ല… എങ്കിലും തണലായും ബലമായും ഉമ്മ കൂടെ നിന്നു. വയ്യാത്ത നീയാണോ ഇനി പഠിക്കാൻ പോകുന്നതെന്ന പരിഹാസം ഷെറിൻ്റെ കരുത്ത് കൂട്ടിയതേയുള്ളൂ. ഒടുവിൽ നിശ്ചയദാർഢ്യം കൈപിടിച്ച് നടത്തിയപ്പോൾ ഷെറിൻ്ഖെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചു. സിവിൽ സർവ്വീസ് പരീക്ഷ 912-ാം റാങ്കോടെ ഷെറിൻ പാസ്സായി. തുടർന്ന് ഇന്ത്യൻ റെയിൽവേ മാനേജ്മെൻ്റ് സർവ്വീസിൽ നിയമനം. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം 2025 മധ്യത്തോടെ ഷെറിൻ ഇനി ഔദ്യോഗികമായി ജോലിയിൽ പ്രവേശിക്കും.
ജീവിതത്തിലെ എല്ലാ വെളിച്ചവും കെട്ടുപോയിട്ടും എല്ലാ പരിമിതികളേയും മറന്ന് മുന്നോട്ട് പോകാൻ ഷെറിന് തുണയായത് ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ ഒന്നു ജയിച്ചു കാണിക്കണം എന്ന ആഗ്രഹമാണ് ആ ജീവിതത്തെക്കുറിച്ച് തന്നെയാണ് വണ്ടർ വുമണ് പുരസ്കാരം ഏറ്റുവാങ്ങി കൊണ്ട് ദോഹയിലെ മലയാളി പ്രവാസികളോട് സംസാരിച്ചപ്പോൾ ഷെറിൻ പറഞ്ഞതും.
കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഉണ്ടാവും എങ്കിലും ഒരു പരിധിയിൽ കൂടുതൽ അവർക്ക് നമ്മളെ സഹായിക്കാനാവില്ല. ഈ അവസ്ഥയിലും 24 മണിക്കൂറും എന്നോടൊപ്പം നിന്ന് നീയൊന്ന് ജയിക്ക് മോളെ എന്ന് എന്നോട് പറഞ്ഞ് എനിക്ക് ധൈര്യം തന്നത് എൻ്റെ ഉമ്മയാണ് ഈ പുരസ്കാരത്തിന് ആ അർത്ഥത്തിൽ എന്നേക്കാൾ അർഹത എൻ്റെ ഉമ്മയ്ക്കാണ്.
ഇത്രയെല്ലാം സംഭവിച്ചിട്ടും. എൻ്റെ കൈയിൽ വലിയൊരു നിധിയുണ്ടായിരുന്നു. കാരണം എനിക്കൊരു പിജി ഡിഗ്രീ സർട്ടിഫിക്കറ്റ് കൈയിലുണ്ടായിരുന്നു. അതാണ് എനിക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തുണയായത്. ഞാൻ പിജി വരെ പഠിച്ചത് കൊണ്ട് എനിക്ക് സിവിൽ സർവ്വീസ് എഴുതാൻ പറ്റി എന്നാൽ ആഗ്രഹവും കഴിവും ഉണ്ടായിട്ടും അതിന് പറ്റാത്ത ഒരു വലിയ സമൂഹം എൻ്റെ പിറകിലുണ്ട്. അവർക്കുള്ള സമർപ്പമാണ് ഈ പുരസ്കാരം, എൻ്റെ എല്ലാ നേട്ടങ്ങളും – ഷെറിൻ പറയുന്നു.