കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വച്ചാണ് കല്ലേറുണ്ടായത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് കണ്ണൂരിൽ വച്ച് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ജനൽ ഗ്ലാസ്സിന് പൊട്ടലുണ്ട്. അതേസമയം സംഭവത്തിന് ശേഷവും ട്രെയിൻ തിരുവനന്തപുരത്തേക്കുള്ള സർവ്വീസ് തുടരുകയാണ്.
വൈകിട്ട് 3.27-നാണ് കല്ലേറുണ്ടായത് എന്നാണ് റെയിൽവേ പൊലീസ് നൽകുന്ന വിവരം. അപ്രതീക്ഷിതമായുണ്ടായ കല്ലേറിൽ വന്ദേഭാരതിൻ്റെ ഒരു ബോഗിക്ക് കേടുപാട് സംഭവിച്ചു. കല്ലേറുണ്ടായ വളപട്ടണത്ത് പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
ഇത് രണ്ടാം തവണയാണ് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടാവുന്നത്. നേരത്തെ മലപ്പുറം കുറ്റിപ്പുറം സ്റ്റേഷന് സമീപത്ത് വച്ചും വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ട്രെയിനിന് നേരെ കല്ലേറുണ്ടായിരിക്കുന്നത്.