ചൊക്ലിയിലെ ഷഫ്നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയില് സ്വദേശി റിയാസിന്റെ ഭാര്യ ഷഫ്നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷഫ്നയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകളും ബലം പ്രയോഗിച്ചതിന്റെ പാടുകളുമുണ്ടെന്ന് കുടുംബം പറയുന്നു. ഷഫ്ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം നേരത്തെയും ആരോപിച്ചിരുന്നു.
വിവാഹസമയത്ത് സ്വര്‍ണം കുറഞ്ഞു പോയതില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്നും നിരന്തരം സ്വര്‍ണത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് ഭര്‍തൃവീട്ടുകാര്‍ മകളെ മാനസികമായി വിഷമിപ്പിച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും അവിടെ നില്ക്കാന് പറ്റില്ലെന്ന് ഷഫ്ന കരഞ്ഞ് പറഞ്ഞിരുന്നതായും സഹോദരനും ഉമ്മയും പറഞ്ഞു.
ഷഫ്ന വേദന സഹിക്കാന്‍ പറ്റാത്ത കുട്ടിയാണെന്നും അവള് അങ്ങനെ ഒരു മുറിവ് ശരീരത്തില്‍ സ്വയം വരുത്തില്ലെന്നും ഉമ്മ പറഞ്ഞു. കത്തി തട്ടി ഒരു ചെറിയ മുറിവുണ്ടായാല്‍ പോലും രണ്ട് ദിവസം കരയുന്ന കുട്ടിയാണ്. അവിടെ ഒരു പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കിണറ്റില്‍ ചാടേണ്ട കാര്യമില്ല. അവള് ആത്മഹത്യ ചെയ്യില്ല- ഷഫ്നയുടെ ഉമ്മ പറഞ്ഞു.
ഭര്‍ത്താവിന്റെ പിതാവ് കഴുത്തിന് പിടിച്ചിരുന്നുവെന്നും ഉപദ്രവിച്ചിരുന്നെന്നും ഷഫ്ന പറഞ്ഞിരുന്നതായി സഹോദരനും പറഞ്ഞിരുന്നു. ഇവിടെ ജീവിക്കേണ്ട വീട്ടിലേക്ക് വരണമെന്നാണ് ഷഫ്ന പറഞ്ഞിരുന്നത്.
സ്വര്‍ണം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ മാതാവ് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു. പക്ഷെ ഇനി സ്വര്‍ണം കൊടുക്കാനാവില്ലെന്ന് പറഞ്ഞു. ഇതോടെ അവര്‍ക്ക് സഹോദരിയോട് വൈരാഗ്യമായിരുന്നു എന്ന് സഹോദരന് പറഞ്ഞു.