യുവാവിനെ ചവിട്ടിക്കൊന്ന ബേലൂര്‍ മഗ്ന എന്ന കാട്ടാനയെ മയക്കുവെടി വെയ്ക്കാനുള്ള ഓപ്പറേഷന് ബേലൂര്‍ മഗ്ന ദൗത്യത്തിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആന കര്‍ണാടക ഭാഗത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടക നാഗര്‍ഹോള ദേശീയ ഉദ്യാനത്തിലേക്കുള്ള പാതയിലാണ് ആനയെന്നാണ് നിരീക്ഷണ സംഘം നല്കുന്ന വിവരം.
ആര് ആര് ടി വിഭാഗം ആനയെ നിരീക്ഷിച്ച് വരികയാണ്. ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂര്‍ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇതിനാല്‍ ചേലൂര്‍ ഭാഗത്ത് നാല് കുങ്കിയാനകള്‍ ഉണ്ടാകും. ആന കാടിറങ്ങിയാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. മയക്കുവെടി വെച്ച് പിടികൂടിയാല്‍ ആനയെ മുത്തങ്ങ ക്യാംപിലേക്ക് മാറ്റും.
അതേസമയം ആന കര്ണാടകയിലെത്തിയാല് മയക്കുവെടി വെക്കാനുള്ള ദൗത്യം ഉപേക്ഷിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. കേരള വനം വകുപ്പുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും കര്‍ണാടക പിസിസിഎഫ് അറിയിച്ചു.
അതേസമയം കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് പടമല അല്‍ഫോന്‍സാ ദേവീലയ സെമിത്തേരിയിലാണ് മൃതദേഹം സംസകരിക്കുക. ഇന്നലെ രാത്രി എട്ട് മണിയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്ത് മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. ഇന്ന് രണ്ട് മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.