ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസ്സുകാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ആസൂത്രിതമായിട്ടാണ് മകളെ ശ്രീമഹേഷ് വെട്ടിക്കൊന്നതെന്ന് പൊലീസ് പറയുന്നു. മകളെ കൂടാതെ മറ്റു രണ്ട് പേരെ കൂടി കൊല്ലാൻ ശ്രീമഹേഷ് പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനായി ഓണ്‍ലൈനിൽ മഴു വാങ്ങുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ മഹേഷ് നടത്തിയിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ഉറപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് ശ്രീമഹേഷ് കൊല്ലാൻ പദ്ധതിയിട്ടത്. വ്യാഴാഴ്ച പ്രതിയെ അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്തതിലാണ് ഈ വിവരങ്ങൾ പുറത്തു വന്നത്. ആദ്യ ഭാര്യ ആത്മഹത്യ ചെയ്ത ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥയുമായി ശ്രീമഹേഷിൻ്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് ഈ യുവതി വിവാഹത്തിൽ നിന്നും പിന്മാറി. ഇതിൽ മഹേഷിന് കടുത്ത നിരാശയും പകയുമുണ്ടായിരുന്നു. വിവാഹം മുടങ്ങാൻ കാരണം ശ്രീമഹേഷിൻ്റെ ദുസ്വഭാവങ്ങളാണെന്ന അമ്മയുടെ കുറ്റപ്പെടുത്തലോടെ വൈരാഗ്യം ഇരട്ടിച്ചു.
ഇതോടെയാണ് സ്വന്തം മകളേയും അമ്മയേയും വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥയേയും വെട്ടിക്കൊല്ലാൻ ശ്രീമഹേഷ് തീരുമാനിച്ചത്. കൃത്യം നിർവഹിക്കാൻ ആദ്യം ഒരു മഴു ഓണ്‍ലൈനിൽ ഓർഡർ ചെയ്തു. ഇതു കിട്ടാതെ വന്നതോടെ മാവേലിക്കരയിൽ നിന്നും പ്രത്യേകമായി ഒരു മഴു പറഞ്ഞു നിർമ്മിച്ചു. ഈ മഴു വച്ചാണ് മകളെ വെട്ടിക്കൊന്നതും അമ്മയും കൊല്ലാൻ ശ്രമിച്ചതും. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ കട്ടിലിനടിയിൽ നിന്നും ഈ മഴു കണ്ടെത്തി.
കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്ത ശ്രീമഹേഷ് ജയിലിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴുത്ത് മുറിച്ച് ജീവനൊടുക്കാനുള്ള ശ്രമത്തിൽ സാരമായി പരിക്കേറ്റ ഇയാളിപ്പോൾ ആലപ്പുഴ മെഡി.കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.