കൊച്ചി: ചലച്ചിത്രസംഘടനകൾ സംയുക്തമായി വിലക്കേർപ്പെടുത്തിയതിന് പിന്നാലെ താരസംഘടനയായ അമ്മയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കൊച്ചി കലൂരിലുള്ള അമ്മയുടെ ഓഫീസിലെത്തിയാണ് ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷ നൽകിയത്. ഇനി ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ശ്രീനാഥ് ഭാസിയുടെ അപേക്ഷയിൽ തീരുമാനമെടുക്കും.
ഫെഫ്കയും, അമ്മയും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ശ്രീനാഥ് ഭാസിയേയും ഷെയ്ൻ നിഗത്തിനേയും ഇനി സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന തീരുമാനം എടുത്തത്. നേരത്തെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ശ്രീനാഥ് ഭാസിക്കെതിരേയും വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഷെയ്ൻ നിഗത്തിനെതിരെയും നടപടി എടുത്തിരുന്നു.
ഈ രണ്ട് താരങ്ങൾക്കും അമ്മയിൽ അന്ന് അംഗത്വം ഇല്ലായിരുന്നു. വിവാദത്തിന് ശേഷം ഷെയ്ൻ നിഗം അമ്മയിൽ അംഗത്വം എടുത്തെങ്കിലും ശ്രീനാഥ് ഭാസി ഇതുവരെ സംഘടനയുടെ ഭാഗമല്ലായിരുന്നു. അമ്മയിൽ അംഗമല്ലാത്ത നടൻമാർക്കെതിരായ പരാതികൾ മൂലം സംഘടന വിമർശനം നേരിടുന്ന അവസ്ഥയാണെന്ന് നേരത്തെ ഇടവേള ബാബു പറഞ്ഞിരുന്നു.