സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവന ചങ്കില് തറച്ചുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസ സംരക്ഷണത്തില്‍ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാക്ഷേത്ര ദര്‍ശനത്തിന് എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണം, വിശ്വാസമാണ് വലുത് ശാസ്ത്രമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടയാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച്
അവര്‍ ആരാധിക്കുന്ന ഈശ്വരനെ അപമാനിച്ചാല്‍ വിട്ടുവീഴ്ച ഇല്ലാത്ത എതിര്‍പ്പിനെ നേരിടേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സ്പീക്കര്‍ തനിക്ക് അബദ്ധം പറ്റിയെന്ന് പറഞ്ഞുകൊണ്ട് മാപ്പ് പറയണമെന്നാണ് സുകുമാരന്‍ നായരുടെ ആവശ്യം. മാപ്പ് പറയണമെന്ന കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. അബദ്ധം പറ്റിയെന്ന് പറഞ്ഞ് മാപ്പ് പറയണം. വിശ്വാസത്തെ കവിഞ്ഞ് ഒരു ശാസ്ത്രവും നിലനില്ക്കുന്നില്ല. ഒരു മനുഷ്യനെ നയിക്കുന്നത് വിശ്വാസമാണ്. ശാസ്ത്രത്തിന് അതിനപ്പുറം ഒരു അടിസ്ഥാനവുമില്ല. ശാസ്ത്രമല്ല വിശ്വാസമല്ല വലുതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
ജി. സുകുമാരന്‍ നായരുടെ വാക്കുകള്‍
ഹൈന്ദവ വിശ്വാസത്തിനെതിരെ സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ആള്, അതിനെതിരെ പ്രതികരിച്ചത്, നാം ആരാധിക്കുന്ന ഈശ്വരനെ അങ്ങേയറ്റം അധിക്ഷേപിച്ചുകൊണ്ടും, അപമാനിച്ചുകൊണ്ടും ആണ്. അത് ചങ്കില് തറച്ചിരിക്കുകയാണ്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ സ്നേഹിച്ചുകൊണ്ട് ഒരു മതവിഭാഗത്തെയും വിമര്‍ശിക്കാതെ അവര്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം എല്ലാം നമ്മള് ശരിവെച്ചുകൊണ്ട് നമ്മള് മുന്നോട്ട് പോകുന്ന പാരമ്പര്യമാണ്. അത് പൂര്‍ണമായും പാലിച്ച് പോരുന്നുണ്ട്. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ഒരാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ഇത്ര നിന്ദ്യവും നീചവുമായ രീതിയില്‍ നമ്മള് ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അതിന് ഒരു തരത്തിലും വിട്ടുവീഴ്ച ഇല്ലാത്ത എതിര്‍പ്പിനെ അവര്‍ നേരിടേണ്ടി വരും. ഹിന്ദു സംഘടനകളും ബിജെപിയും ആര്‍എസ്എസും എല്ലാവരും സജീവമായി രംഗത്ത് വന്നിട്ടുണ്ട്. അതിനൊപ്പം എന്‍എസ്എസും ഉണ്ട്. ഇത് വിശ്വാസത്തിന്റെ കാര്യമാണ്.
ശബരിമല വിഷയത്തില്‍ ആദ്യം മുതല്‍ അവസാനം വരെ, അതിന്റെ വിജയത്തിന് വേണ്ടി മുന്നില്‍ നിന്ന പ്രസ്ഥാനമാണ് എന്‍എസ്.എസ്. വിശ്വാസത്തിന്റെ പേരിലാണ് അങ്ങനെ നിലപാട് എടുത്തിരിക്കുന്നത്. ഇതിലും അതേ നിലപാടാണ്. ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രകോപനമേതുമില്ലാതെ അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ രാവിലെ കൂടുകയും ഭഗവാനെ പ്രാര്‍ത്ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും ഇതിന് വേണ്ട ശക്തി ഞങ്ങള്‍ക്ക് തരണേ എന്ന് ഭഗവാനോട് പറയുകയും ചെയ്യുക എന്നുള്ളതാണ് ആത്യന്തികമായ ലക്ഷ്യം. അതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു.
സ്പീക്കര്‍ രാജിവെക്കണമെന്ന് ഞാന്‍ പറഞ്ഞില്ല. ഇത്രയും മോശമായി സംസാരിച്ച, ജനപ്രതിനിധികളുടെ ജനപ്രതിനിധി ആയ സ്പീക്കര്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നാണ് പറഞ്ഞത്. ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറഞ്ഞുകൊണ്ട് രക്ഷപ്പെടാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാത്ത പക്ഷം ഈ വികാരത്തെ മാനിച്ചുകൊണ്ട് സര്‍ക്കാര്‍ ആവശ്യമായ മേല്‍നടപടി സ്വീകരിക്കണമെന്നുമാണ് പറഞ്ഞത്.
മാപ്പ് പറയണമെന്ന കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. അബദ്ധം പറ്റിയെന്ന് പറഞ്ഞ് മാപ്പ് പറയണം. വിശ്വാസത്തെ കവിഞ്ഞ് ഒരു ശാസ്ത്രവും നിലനില്ക്കുന്നില്ല. ഒരു മനുഷ്യനെ നയിക്കുന്നത് വിശ്വാസമാണ്. ശാസ്ത്രത്തിന് അതിനപ്പുറം ഒരു അടിസ്ഥാനവുമില്ല. ശാസ്ത്രമല്ല വിശ്വാസമല്ല വലുത്.