കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാര നടക്കുന്നുണ്ടെന്നും കേരളത്തില്‍ അവര്‍ ഒരുമിച്ച് മത്സരിച്ചില്ലായിരുന്നെങ്കില്‍ നിയമസഭയില്‍ എന്‍.ഡി.എയില്‍ നിന്ന് താന്‍ അടക്കം ഏഴ് എം.എല്‍.എമാര്‍ ഉണ്ടാകുമായിരുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്.
2016ലെ തെരഞ്ഞെടുപ്പില്‍ ഏഴ് എന്‍.ഡി.എ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഇരുകൂട്ടരും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
‘കേരള നിയമസഭയില്‍ വിഡി സതീശന് പോകുന്നത് കപ്പലണ്ടി കച്ചവടത്തിനല്ലല്ലോ. അവിടെ മറ്റു നിയമസഭാംഗങ്ങളെക്കൊണ്ട് ചോദിപ്പിക്കാനും കാര്യങ്ങള്‍ പറയിക്കാനും വിഡി സതീശന് സാധിക്കുമല്ലോ. എന്നിട്ട് അത് ചെയ്യുന്നില്ലല്ലോ. ഇപ്പോള്‍ വിണയിടം വിഷ്ണുലോകം ആക്കികൊണ്ട് സതീശന് മുന്നോട്ട് പോകേണ്ട. പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ കീഴില്‍ ബിജെപിയെ രക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത് എന്നത് മനസിലാക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ ജനങ്ങള്‍. എന്നാല്‍ അഖിലേന്ത്യാ തലത്തില്‍ ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ അന്തര്‍ധാരയുണ്ട്. മറ്റെല്ലാ സംസ്ഥാനത്തും ആ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ മാത്രം കോണ്‍ഗ്രസും സി.പി.എമ്മും ഒന്നായി മത്സരിച്ചില്ലെന്ന് മാത്രം. ഇല്ലെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാനുള്‍പ്പെടെ രണ്ടാം സ്ഥാനത്തെത്തിയ ഏഴ് പേരെ പരാജയപ്പെടുത്തിയത് ഈ അന്തര്‍ധാരയാണ്. മാക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാര അന്നില്ലായിരുന്നുവെങ്കില്‍ കേരള നിയമസഭയ്ക്ക് അകത്ത് പല കാര്യങ്ങളും ഉന്നയിക്കാന്‍ ഞാന്‍ ഉള്‍പ്പെടെ എന്റെ ഏഴ് സഹപ്രവര്‍ത്തകര്‍ ഉണ്ടാകുമായിരുന്നു. ഈ അന്തര്‍ധാരയെ കേരളത്തിലെ സാധാരണക്കാര്‍ പൊളിക്കുന്ന ഒരു കാലം വരും. അധിക കാലം ഈ മുഖം മൂടി വെച്ചുകൊണ്ട് ഭരണപ്രതിപക്ഷത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല,’ ശോഭ സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും എല്ലാം മറനീക്കി പുറത്തുവരുമ്പോള്‍ ഇവര്‍ ഒന്നടങ്കം ജയിലില്‍ പോകുമെന്നും ശോഭ സുരേന്ദ്രന് വ്യക്തമാക്കി.