സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിൽ ഇതുവരെ കാണാത്ത പ്രകാശവിസ്മയം തീർത്ത ‘നൂർ റിയാദ് ‘ആറ് ഗിന്നസ് ലോക റെക്കോഡുകൾ നേടി ചരിത്രത്തിൽ ഇടം പിടിച്ചു. ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പ്രകാശാഘോഷം എന്ന നിലയിലാണ് നൂർ റിയാദ് ലോക റെക്കോഡുകൾ നേടിയത്. ഈ മാസം മൂന്നിന് ‘പ്രകാശ സ്ഫുരണം’ (പൾസ് ഓഫ് ലൈറ്റ്) എന്ന പേരിൽ ആരംഭിച്ച് ശനിയാഴ്ചയാണ് റിയാദ് പ്രകാശോത്സവം സമാപിച്ചത്.
ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പ്രകാശാഘോഷം, ഏറ്റവും ദീർഘദൂര കാഴ്ച നൽകിയ ലേസർ ഡിസ്പ്ലേ, ഏറ്റവും കൂടുതൽ വലിപ്പമുള്ള ലേസർ ഡിസ്പ്ലേ, ഏറ്റവും കൂടുതൽ ഉയരമുള്ള ലേസർ ഡിസ്പ്ലേ, കെട്ടിടസമുച്ചയ മുഖങ്ങളിലെ ഏറ്റവും ഉയരമുള്ളതും വലുതുമായ പ്രകാശ പ്രദർശനം, ഏറ്റവും കൂടുതൽ ഡ്രോണുകൾ പങ്കെടുത്ത പ്രകാശ പ്രദർശനം എന്നിവയാണ് നൂർ റിയാദിന്റെ പ്രത്യേകതകൾ.
കലയും സംസ്കാരവും നാഗരികതയും സമന്വയിപ്പിച്ച നൂർ റിയാദിൽ 28 ലക്ഷം സന്ദർശകർക്കാണ് പ്രകാശ വിരുന്നൊരുക്കിയത്. സൗദി അടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നും 130 ലധികം കലാകാരന്മാരുടെ 190 സൃഷ്ടികളാണ് ‘നൂർ റിയാദിനെ’ പ്രകാശകിരണങ്ങൾക്ക് കാരണം. രാജ്യത്തെ ആദ്യ പൊതുകലാസംരംഭമായ ‘റിയാദ് ആർട്ടി’ന്റെ ആഭിമുഖ്യത്തിലാണ് പ്രകാശോത്സവം അരങ്ങേറിയത്. മലസ് കിങ് അബ്ദുല്ല പാർക്ക്, അൽ-സഫറ ചത്വരം, ദിരിയ ചരിത്രനഗരം, കിങ് അബ്ദുല്ല സാമ്പത്തിക മേഖല അടക്കമുള്ള തലസ്ഥാനത്തെ 40 ഇടങ്ങളിലായി 500 ൽപരം പ്രകാശപ്രദർശനങ്ങൾ ഒരുക്കി. റിയാദിനെ ‘മതിലുകളില്ലാത്ത കലാ പ്രതല’മാക്കിയ പരിപാടി നിരവധി പ്രതിഭകളുടെ വൈഭവം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നൽകിയ പ്രോത്സാഹനത്തിന് കടപ്പെട്ടിരിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് അംഗവും റിയാദ് ആർട്ടിന്റെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാനുമായ അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പറഞ്ഞു. നൂർ റിയാദിനെ പ്രകാശ കലാരംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാൻ ഇത് മൂലം സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവകൃപയില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ല. ‘നൂർ റിയാദി’ന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും ദേശീയ, അന്തർദേശീയ പ്രതിഭകളെ പ്രയോജനപ്പെടുത്തുന്നതിന്റെയും ഉദാഹരണമായാണ് കണക്കാക്കുന്നത്. ആഗോള കലാരംഗത്ത് സൗദി അറേബ്യയെ മുൻപന്തിയിൽ നിർത്തുന്നതിനും ഇതുവഴി സാധിച്ചുവെന്ന് അമീർ ബദർ ബിൻ അബ്ദുല്ല കൂട്ടിച്ചേർത്തു.