തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കമായ SIIMA (സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ്) ഇത്തവണ ദുബായിൽ വച്ച് നടക്കും. സെപ്റ്റംബർ 15 ,16 തീയതികളിൽ ദുബായിലെ ഡി.ഡബ്ല്യു.ടി.സി.യിലാണ് അവാർഡ് ദാന ചടങ്ങുകൾ നടക്കുക. 2012ൽ ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് SIIMAയ്ക്ക് ദുബായ് വേദിയാവുന്നത്.
തമിഴ്,കന്നഡ,തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്ര മേഖലയെ കേന്ദ്രീകരിച്ചാണ് SIIMA അവാർഡുകൾ നൽകുന്നത്. കഴിഞ്ഞ വർഷം (2022) പുറത്തിറങ്ങിയ സിനിമകൾ ആണ് അവാർഡിനായി പരിഗണിക്കുക. അവാർഡുകൾക്കായുള്ള നോമിനേഷനുകൾ ഉടൻ പുറത്തുവരും. ആർആർആർ, കെജിഎഫ്, കാന്താര, വിക്രം, പൊന്നിയൻ സെൽവൻ തുടങ്ങി 2022-ൽ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിലടക്കം ശ്രദ്ധ നേടിയിരുന്നു. പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവയിൽ ഈ ചിത്രങ്ങളും ഉൾപ്പെടുന്നു.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച അവാർഡുകൾ സമ്മാനിക്കുന്ന SIIMA വീണ്ടും ദുബായിൽ വച്ച് നടത്തുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് SIIMA ചെയർപേഴ്സൺ ബൃന്ദ പ്രസാദ് പറഞ്ഞു. “വലിയ ഇന്ത്യൻ ജനസംഖ്യയുള്ള യുഎഇ, ഇവന്റിന് അനുയോജ്യമായ വേദിയാണെന്നും ഇത്തവണ ഒട്ടേറെ സവിശേഷതകളോടെയാകും അവാർഡ് ദാന ചടങ്ങുകൾ അരങ്ങേറുകയെന്നും ദുബായിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ SAIIMA ഭാരവാഹികൾ കൂട്ടിച്ചേർത്തു.
SAIIMA യുമായി സഹകരിക്കാനായതിൽ തനിക്കേറെ സന്തോഷമുണ്ടെന്ന് നടൻ റാണ ദഗുപതി പറഞ്ഞു. SIIMA ദക്ഷിണേന്ത്യയിലെ മുഴുവൻ സിനിമാ സഹോദര്യത്തെയും ഒരുമിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലുങ്ക് ചിത്രമായ സീതാരാമത്തിലൂടെ ദക്ഷിണേന്ത്യൻ ജനങ്ങൾക്കിടയിൽ ലഭിച്ച സ്വീകാര്യതയിൽ താൻ ഏറെ സന്തുഷ്ടയാണെന്നും ആദ്യമായി SIIMA യുടെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണെന്നും നടി മൃണാൾ താക്കൂറും പറഞ്ഞു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള പ്രമുഖർ പുരസ്കാര ദാനചടങ്ങിൽ പങ്കെടുക്കും.