മാസ്സ്, സെന്റിമെന്റ്സ്, ആക്ഷൻ, പഞ്ച് തുടങ്ങിയ ചേരുവകളെല്ലാമുള്ള മറ്റൊരു ഒരു വിജയ് ചിത്രം കൂടി തിയേറ്ററില്‍ എത്തി. കൈയടി വീഴുന്ന പഞ്ച് ഡയലോഗുകള്‍, ആവേശം തീര്‍ക്കുന്ന പാട്ടുകളും നൃത്തച്ചുവടുകളും, ഒപ്പം ആരാധകരുടെ പ്രിയപ്പെട്ട ദളപതിയുടെ വമ്പന്‍ ആക്ഷന്‍ സീനുകളും, ഇത് മാത്രം മതി ആരാധകരുടെ മനസ്സ് നിറയാൻ. ഇവയെല്ലാം ഏറ്റവും മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ച ഒരു തകര്‍പ്പന്‍ സിനിമയാണ് ‘വാരിസ്.’ രണ്ടേമുക്കാല്‍ മണിക്കൂര്‍ പൂര്‍ണമായും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച എന്റർടൈനർ.
ആരാധകര്‍ക്കുള്ള പൊങ്കല്‍ സമ്മാനമാണ് ‘വാരിസ്’. അത് കൊണ്ട് തന്നെ ആരാധകർക്കിടയിൽ വാരിസ് ഒരു വലിയ ആഘോഷം കൂടിയാണ്. അതേസമയം പൊതുവെ യുവാക്കള്‍ക്കായി നിര്‍മ്മിക്കപ്പെടുന്ന മാസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി കുടുംബ പ്രേക്ഷകരെയും ചേര്‍ത്ത് പിടിക്കുകയാണ് ‘വാരിസ്.’ വിജയ് ആരാധകര്‍ക്ക് ആവേശമാവുന്ന ചേരുവകള്‍ക്കൊപ്പം അതിമനോഹരമായ രീതിയിൽ ഒരു കുടുംബ കഥയും ചിത്രത്തിലുണ്ട്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആഴമേറിയ അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും കഥ കൂടി ‘വാരിസിലുണ്ട്.
എപ്പോഴത്തെയും പോലെ മാസ്സായി സിനിമയിലുടനീളം നിറഞ്ഞു നില്‍ക്കുകയാണ് വിജയ്. ആക്ഷന്‍ രംഗങ്ങളിലും പാട്ടുകളിലുമുള്ള നടന്റെ സ്ക്രീന്‍ പ്രെസെന്‍സ് എന്നത്തേയും പോലെ മനം കവരുന്നതാണ്. കൂടാതെ വിജയ് എന്ന നടന്റെ ഏറ്റവും മികച്ച ചില അഭിനയമുഹൂര്‍ത്തങ്ങള്‍ക്കും ‘വാരിസ്’ സാക്ഷ്യം വഹിക്കുന്നു. വൈകാരികമായ ചില രംഗങ്ങളിലെ നടന്റെ അഭിനയം പ്രേക്ഷകര്‍ക്ക് നൊമ്പരമായി മാറുന്നുണ്ടെന്നാണ് അഭിപ്രായം. ഒരു സൂപ്പര്‍താരം എന്നതിനപ്പുറം ഒരു നടനെന്ന നിലയിലും വിജയിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായി വാരിസിലെ കഥാപാത്രം മാറുമെന്നുറപ്പാണ്.
ശരത് കുമാര്‍, ജയസുധ, പ്രകാശ് രാജ് തുടങ്ങി സഹതാരങ്ങളായി എത്തിയവരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. ശരത് കുമാറിനും ജയസുധയ്ക്കുമൊപ്പമുള്ള വിജയിയുടെ രംഗങ്ങൾക്ക് മികച്ച പ്രതികരണമാണുള്ളത്. കൂടാതെ അതിഥി താരമായി എത്തി എസ്.ജെ സൂര്യയും ആരാധകരുടെ കൈയടി ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രത്തിന് ഒരു പൂര്‍ണതയില്ലാതെ പോയത് ചിത്രത്തിലെ ചെറിയ പോരായ്മയായി കണക്കാക്കാം. എങ്കിലും വിജയിയും രശ്മികയും ഒന്നിച്ചുള്ള ഗാനങ്ങളിലെ നൃത്തച്ചുവടുകൾ തിയേറ്ററിനെ ആകെ ഇളക്കി മറിച്ചു.
സംഗീത സംവിധായകൻ തമന്റെ പാട്ടുകളും തിയേറ്ററുകളില്‍ ഉത്സവപ്രതീതി സൃഷ്ടിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടത് തന്നെയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും വൈകാരിക രംഗങ്ങളും മികച്ചതായി അനുഭവപ്പെടുന്നതില്‍ പശ്ചാത്തല സംഗീതം വലിയ പങ്ക് വായിക്കുന്നുണ്ട്. കാര്‍ത്തിക്ക് പളനിയുടെ ഛായാഗ്രഹണം മികവ് പുലര്‍ത്തുന്നുണ്ട്. പ്രവീണ്‍ കെ.എല്ലിന്റെ എഡിറ്റിംഗും വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്.