75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടും ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സിദ്ദിഖ് കാപ്പന്റെ മകളുടെ പ്രസംഗം ചർച്ചയാവുകയാണ്.
” ഞാൻ മെഹ്നാസ് കാപ്പൻ, ഒരു പൗരന്റെ എല്ലാ വിധ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ തളയ്ക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മകൾ ” ഇങ്ങനെ പറഞ്ഞുകൊണ്ടാണ് കുഞ്ഞു മെഹ്നാസ് തന്റെ പ്രസംഗം തുടങ്ങിയത്. ഒരു ഭാരതീയനെന്ന നിലയിൽ അചഞ്ചലമായ അഭിമാനത്തോടെയും അവകാശത്തോടെയും ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് മുന്നിൽ നിൽക്കുന്ന സഹപാഠികളെയും അധ്യാപകരെയും മെഹ്നാസ് അഭിസംബോധന ചെയ്തത്. ഇന്നും അവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നാണ് പ്രസംഗത്തിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
വ്യക്തി സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ആശാന്തി നിഴലിക്കുന്നുണ്ടെന്ന് മെഹ്നാസ് ചൂണ്ടിക്കാട്ടി. മതത്തിന്റെയും വർണ്ണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങൾ അതിനുദാഹരമാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന അപേക്ഷയോടെയാണ് കുഞ്ഞു മെഹ്നാസ് പ്രസംഗം അവസാനിപ്പിച്ചത്.
2020 ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ജാമ്യം പോലും ലഭിക്കാതെ ഇന്നും കാപ്പൻ ജയിലഴിക്കുള്ളിലാണ്.