പി.സി ജോര്‍ജ് ബി.ജെ.പിയിലേക്കെന്ന് സൂചന. ജനപക്ഷം ബി.ജെ.പിയില്‍ ലയിക്കും. ഇതുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് ബി.ജെ.പി കേന്ദ്രനേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പത്തനംതിട്ട ലോക്സഭ സീറ്റിലായിരിക്കും പി.സി ജോര്‍ജ് മത്സരിക്കുക.
ബി.ജെ.പിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതു നിലപാടെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. അണികളുമായി ഇക്കാര്യം സംസാരിച്ചുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണം എന്നാണ് കരുതുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി എന്‍.ഡി.എ അനുകൂല നിലപാടുകളാണ് പി.സി ജോര്‍ജ് സ്വീകരിച്ചു പോരുന്നത്. പിസി ജോര്‍ജിന്റെ ലവ് ജിഹാദ് അടക്കമുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.
ബി.ജെ.പിയില്‍ ചേരുന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നതായും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പിയില്‍ ലയിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുത്തതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
കേരള കോണ്‍ഗ്രസ് (ജെ), കേരള കോണ്‍ഗ്രസ് (എം) തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്, കേരള കോണ്‍ഗ്രസ് സെകുലര്‍ എന്ന പേരില്‍ പിന്നീട് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. പിന്നാലെ കേരള കോണ്‍ഗ്രസ് സെകുലര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചു. ഇതിന് പിന്നാലെ 2017ല്‍ വീണ്ടും സ്വന്തമായി ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
1980,1982,1996,2016 എന്നീ വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.