മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി പദത്തിലേക്ക്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ , ഡികെ ശിവകുമാറിനെ അറിയിച്ചു. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കാണെന്ന് ഡികെ ശിവകുമാറിനെ നേതൃത്വം ബോധ്യപ്പെടുത്തി. മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദത്തിനൊപ്പം പ്രധാനവകുപ്പുകളും ഡികെ വിഭാഗത്തിന് നൽകും ഒപ്പം പിസിസി അധ്യക്ഷനായും ഡികെയ്ക്ക് തുടരാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന.
സോണിയ ഗാന്ധി ഡൽഹിയിൽ എത്തിയ ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദത്തിനായി ഡികെ ശിവകുമാറും അവകാശവാദമുന്നയിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെയും ഡികെയും തമ്മിൽ നടന്ന അനുനയ ചർച്ചകൾ വിജയം കണ്ടതായാണ് സൂചന.
ഹൈക്കമാൻഡ് നിർദേശപ്രകാരം ഇന്ന് ഡൽഹിയിലെത്തിയ ശിവകുമാർ പാർട്ടി അമ്മയെ പോലെയാണെന്നും മക്കൾക്ക് ആവശ്യമായത് അമ്മ നൽകുമെന്നും പ്രതികരിച്ചിരുന്നു. സോണിയ ഗാന്ധിയുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡികെ.