ആർആർആറിലെ ‘നാട്ടു നാട്ടു’വിന് ചുവടുവെയ്ക്കാത്തവരായി ആരുമില്ല. ഓസ്കാർ നേട്ടത്തിന് പിന്നാലെ ‘നാട്ടു നാട്ടു’ വാനോളം ഉയർന്നു. ഇപ്പോൾ ‘നാട്ടു നാട്ടു’ വിന് ചുവട് വെയ്ക്കാൻ ഒരവസരം നൽകുകയാണ് യുഎഇയിലെ ഇന്ത്യൻ എംബസി.
ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ ടീമിനൊപ്പം ‘നാട്ടു നാട്ടു’ വിന് ചുവടുവെച്ച് 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുക. ഏപ്രിൽ 16-ന് മുമ്പ് തന്നെ വീഡിയോ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യണം. അബുദാബിയിലെ ഇന്ത്യൻ എംബസിയെ ടാഗ് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം. യുഎഇയിലെ ഇന്ത്യൻ എംബസിക്ക് നിങ്ങളുടെ ചുവടുകൾ ഇഷ്ടപ്പെട്ടാൽ എംബസി ഒരുക്കുന്ന വേദിയിൽ നാട്ടു നാട്ടുവിന് ചുവടുവെയ്ക്കാൻ സാധിക്കും.
രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനം എംഎം കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ടാണ് ലോകജനതയുടെ ശ്രദ്ധ നേടിയത്. ചന്ദ്രബോസിന്റേതാണ് വരികൾ. പ്രേം രക്ഷിത് ഗാനത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടി ഓസ്കറിൽ മുത്തമിടുകയും ചെയ്തു. മറ്റു നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട് ഈ ഹിറ്റ് ഗാനം.