തൃശ്ശൂർ: പൊലീസിൻ്റെ ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി പൊലീസ് സംഘം. കലൂരിലെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട ഷൈൻ ടോം കേരളം വിട്ടെന്നും പൊള്ളാച്ചിയിലെത്തിയെന്നും തിരിച്ചറിഞ്ഞതോടെയാണ് നടൻ്റെ തൃശ്ശൂരിലെ വീട്ടിലേക്ക് പൊലീസ് സംഘം എത്തി വീട്ടുകാർക്ക് നേരിട്ട് നോട്ടീസ് നൽകിയത്.
താരത്തോട് നാളെ എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്. മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് ഷൈൻ്റെ പിതാവ് പൊലീസിനെ അറിയിച്ചു.
‘അവൻ അവിടെ വന്നു, അവിടെ നിന്ന് പോയി, അതല്ലേ ഉള്ളൂ. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല,’ – ഷൈൻ്റെ പിതാവ് ചാക്കോ പ്രതികരിച്ചു.
ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിൻറെ ഉത്തരമറിയാനാണ് ഷൈൻ ടോം ചാക്കോയെ പൊലീസ് നോട്ടീസ് നൽകി വിളിപ്പിക്കുന്നത്. ഹോട്ടലിൽ നിന്നും മുങ്ങിയ ഷൈനിൻ്റെ ഫോണ് പിന്നീട് സ്വീച്ച് ഓഫായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ നടൻ പൊള്ളാച്ചിയിലുണ്ടെന്നാണ് കണ്ടെത്തിയത്.
കൊച്ചിയിലെ ഒരു കുപ്രസിദ്ധ ലഹരിക്കടത്തുകാരനെ തപ്പിയെത്തിയ ഡാൻസാഫ് സംഘമാണ് ഷൈൻ ടോമിൻ്റെ മുറിയിൽ എത്തിയത്. ലഹരിക്കടത്തുകാരനെ പിന്തുടർന്ന് എത്തിയ പൊലീസ് സംഘം ഇയാൾ ഹോട്ടലിൽ എത്തിയെന്ന് മനസ്സിലാക്കി. ഹോട്ടൽ ജീവനക്കാരുമായി സംസാരിച്ചതിൽ ഷൈൻ ടോമും ഇതേ ഹോട്ടലിൽ ഉണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ഷൈനിൻ്റെ മുറിയിലേക്ക് പൊലീസ് എത്തിയത്. എന്നാൽ ഷൈൻ ഹോട്ടലിൽ നിന്നും ചാടിയോടുകയും സംഭവം മാധ്യമങ്ങളിലൂടെ ലോകമറിയുകയും ചെയ്തതോടെയാണ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്താൻ തീരുമാനിച്ചത്. ഹാജരാകാൻ കൂടുതൽ സമയം നൽകിയാൽ അത് വിമർശിക്കപ്പെടും എന്നതിനാലാണ് നാളെ തന്നെ നടനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടത്. ലഹരിമരുന്നുകളൊന്നും ഷൈനിൻ്റെ റൂമിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടില്ല എന്നതിനാൽ നിലവിൽ നടനെതിരെ കേസെടുക്കാൻ വകുപ്പില്ല.
അതേസമയം വിൻസി അലോഷ്യസിൻറെ പരാതി അന്വേഷിക്കുന്ന സൂത്രവാക്യം സിനിമയുടെ ഇൻറേണൽ കമ്മിറ്റിക്ക് മുന്നിൽ ഷൈൻ തിങ്കളാഴ്ച തന്നെ ഹാജരാകുമെന്ന് നടൻ്റെ പിതാവ് ചാക്കോ അറിയിച്ചു. വിൻസിയുടെ പരാതിയിൽ ഷൈൻറെ വിശദീകരണത്തിന് കാത്തിരിക്കുകയാണ് താര സംഘടന അമ്മയും. ഷൈൻ അടക്കം 8 പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ട കൊക്കെയ്ൻ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ അഡ്വ ജനറലിൻറെ ഓഫീസും തുടങ്ങിയിട്ടുണ്ട്.