പ്രവാസവും കുടുംബ ജീവിതങ്ങളും പ്രണയവും പ്രമേയമാകുന്ന ഹ്രസ്വചിത്രവുമായി യുഎഇയിലെ മലയാളി വിദ്യാർത്ഥി റഹാം രജിത്ത്. ജീവിതത്തിന്റെ പ്രണയം കാലക്രമേണ നഷ്ടമാകുന്നതും ജീവിതത്തിരക്കുകൾക്കിടയിൽ പങ്കാളിയെ പരിഗണിക്കാതിരിക്കുന്നതുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ദുബായ് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ഫിലിം & ടിവി പ്രൊഡക്ഷൻ വിദ്യാർത്ഥിയായ റഹാം രജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് മൊമെന്റ് ഓഫ് ലൗ എന്ന ചിത്രം. ഇതിനോടകം ചിത്രത്തിന്റെ രണ്ട് പ്രദർശനങ്ങൾ ഷാർജ അൽ ഷാബ് തീയറ്ററിലെ നിറഞ്ഞ സദസിൽ നടന്നു.പൂർണമായും യുഎഇയിൽ ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ കാമറ നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ ഒറ്റത്തെങ്ങിലാണ്. കഴിഞ്ഞ 24 വർഷമായി പ്രവാസ ലോകത്ത് ഫോട്ടോഗ്രാഫറായിരുന്ന ഉണ്ണികൃഷ്ണന്റെ പ്രഥമ ഛായാഗ്രഹണമാണ് മൊമെന്റ് ഓഫ് ലൗ.പ്രവാസികളായ ഇമ്മാനുവേൽ ആന്റണിയും നിഷാൻ ബഷീറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.നെൽസൺ പീറ്ററുടെ സംഗീതമാണ് ചിത്രത്തിന് കൂടുതൽ മനോഹാരിത പകരുന്നത്. പുതുമുഖ താരങ്ങളുടെ പ്രകടനം കൊണ്ടും ചിത്രം ശ്രദ്ധേയമായി. നീത,സാൽമൺ പുനയ്ക്കൽ അനുരാത് പവിത്രൻ, റാണി ആൻ, മെൽവിൻ ചാക്കോ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മുംബൈ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് സ്പെഷ്യൽ ഫെസ്റ്റിവൽ മെൻഷൻ ലഭിച്ചിട്ടുണ്ട്.