ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. അന്വേഷണ ഉദ്യോഗസ്ഥരുടെ കഥ പറയുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും നിലവില്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സംവിധായകന് ഡാര്വിന് കുര്യാക്കോസ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ രണ്ട് അന്വേഷണങ്ങള്‍ എന്നത് ആയിരുന്നു ഈ സിനിമ ചെയ്യണമെന്ന് തന്നെ തോന്നിപ്പിക്കാന്‍ കാരണമെന്നാണ് ഡാര്വിന് ദി എഡിറ്റോറിയലിനോട് പറഞ്ഞത്.
ഞാന്‍ സന്തോഷത്തിലാണ്
പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തു എന്നതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ എന്താണോ സിനിമ കൊണ്ട് ഉദ്ദേശിച്ചത് അത് ആളുകള്‍ക്ക് കണക്ട് ആവുന്നു എന്ന് പറയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. നല്ലൊരു സിനിമ ചെയ്യണമെന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് അങ്ങനെ തന്നെ നടന്നു എന്ന് അറിയുമ്പോഴും പ്രേക്ഷകര്‍ അത് സ്വീകരിച്ചു എന്ന് അറിയുമ്പോഴും വളരെ അധികം സന്തോഷമുണ്ട്. എല്ലാവരും സന്തോഷത്തിലാണ്. തീര്‍ച്ചയായും ഞാനും സന്തോഷത്തിലാണ്.
അന്വേഷിപ്പിന്‍ കണ്ടെത്തും ചെയ്യാന്‍ കാരണം സിനിമയിലെ രണ്ട് കഥകള്‍
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമ ചെയ്യാന്‍ തോന്നാന്‍ തന്നെ കാരണം ഇതില്‍ രണ്ട് അന്വേഷണ കഥകള്‍ ഉണ്ട് എന്നതായിരുന്നു. പിന്നെ ഇതില്‍ ഉണ്ടായിരുന്ന ഒരു ടെന്‍ഷന്‍ നമ്മള് കണ്ട് ശീലിച്ച് വന്ന സിനിമകളുടെ ഒരു ടെംപ്ലേറ്റില്‍ നിന്നും ഇത് വ്യത്യസ്തമാണ് എന്നതായിരുന്നു. സാധാരണ സിനിമ ഫസ്റ്റ് ഹാഫ് ഒരു ഹൈയില്‍ വന്ന് നിന്ന് സെക്കന്റ് ഹാഫ് അതിന്റെ തുടര്‍ച്ചയാവുകയാണല്ലോ പതിവ്. എന്നാല്‍ ഇവിടെ ഒരു കഥ അവസാനിച്ച് അടുത്ത കഥ തുടങ്ങുകയാണ്. പിന്നെ അത് വരെ പ്രേക്ഷകര്‍ കാണാത്ത കഥാപാത്രങ്ങളാണ് രണ്ടാം പകുതിയില്‍ വരുന്നത്. അവരെ പ്രേക്ഷകര്‍ മനസിലാക്കണം. അല്ലെങ്കില്‍ അവരോട് ഒരു ഇഷ്ടം തോന്നണം. അവരെന്താണെന്ന് ഇവര്‍ അറിയണം. അപ്പോള്‍ ആ സമയത്ത് എല്ലാം സാധാരണ കണ്ട് വരുന്ന സിനിമകളുടെ ടെംപ്ലേറ്റില്‍ നിന്ന് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാവും. അത് ഒരു റിസ്ക് ആയിട്ട് തോന്നിയിരുന്നു. അതിനെ എങ്ങനെ മറികടക്കാം എന്നതായിരുന്നു സിനിമയുടെ സംവിധായകന് എന്ന നിലയില്‍ ഞാന്‍ ശ്രദ്ധിച്ച കാര്യങ്ങള്‍. ആ റിസ്കിനെ എല്ലാം ഞങ്ങള്‍ മറികടന്നു എന്ന് ഇപ്പോള്‍ അറിയുമ്പോള്‍ അതില്‍ വലിയൊരു സന്തോഷമുണ്ട്. പിന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ രണ്ട് അന്വേഷണങ്ങള്‍ എന്നത് തന്നെയായിരുന്നു ഈ സിനിമ ചെയ്യാമെന്ന് എന്നെ തോന്നിപ്പിച്ച കാരണം.
ആദ്യമെ രണ്ട് രീതിയില്‍ സിനിമയെ ട്രീറ്റ് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു
പ്രീ പ്രൊഡക്ഷന്‍ മുതല്‍ തന്നെ അന്വേഷിപ്പിന്‍ കണ്ടെത്തും രണ്ട് സിനിമകള്‍ എടുക്കുന്നത് പോലെ ചിത്രീകരിക്കണം എന്നത് തീരുമാനിച്ചിരുന്നു. പിന്നെ കഥാപാത്രങ്ങളുടെ കാര്യത്തിലാണെങ്കിലും പ്രോപെര്ട്ടീസിന്റെ കാര്യത്തിലാണെങ്കിലും വലിയ ശ്രദ്ധ നല്‍കിയിരുന്നു. 90കളിലെ കഥയാണ് പറയുന്നതെങ്കിലും കോട്ടയം പോലൊരു ടൗണില്‍ നിന്ന് കുറച്ച് കൂടെ ഉള്ളിലേക്കുള്ള സ്ഥലത്തേക്ക് മാറുമ്പോള്‍ അതിന്റേതായ വ്യത്യാസങ്ങള്‍ കഥാപാത്രങ്ങളുടെ ലുക്കിലും ചുറ്റുപാടുകളിലും കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പിന്നെ ക്യാമറ മാനുമായി സംസാരിക്കുന്ന സമയത്തും ഗ്രേഡിംഗ് ഉള്‍പ്പടെ എല്ലാ കാര്യങ്ങളിലും രണ്ട് രീതിയില്‍ തന്നെ സിനിമയെ ട്രീറ്റ് ചെയ്യാമെന്ന് ആദ്യമെ തീരുമാനിച്ചിരുന്നു.
ഭയങ്കര ആഗ്രഹിച്ചാണ് ഞാന്‍ സിനിമയില്‍ വന്നത്
എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം ഞാന്‍ ചിലവഴിച്ചിട്ടുള്ളത് തിയേറ്ററിലാണ്. സിനിമയോടുള്ള അതിയായ ഇഷ്ടത്തിന്റെ പുറത്ത് റിലീസ് ആകുന്ന എല്ലാ സിനിമകളും ഞാന്‍ പോയി കാണുമായിരുന്നു. ഒരു വര്‍ഷത്തില്‍ തന്നെ ഒരുപാട് സംവിധായകര്‍ വരാറുണ്ട്. നല്ല സിനിമകളും റിലീസ് ചെയ്യാറുണ്ട്. എന്നാല്‍ വരുന്ന എല്ലാവരും വിജയിക്കണമെന്നില്ല. ഭയങ്കര ആഗ്രഹിച്ചാണ് ഞാന്‍ സിനിമയില്‍ വന്നത്. ഇവിടെ എങ്ങനെ നിലനില്ക്കാം എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യുന്ന സിനിമ ശ്രദ്ധിക്കപ്പെടണം എന്ന് എനിക്ക് ഉണ്ടായിരുന്നു. അതിന് എന്ത് ചെയ്യാന്‍ പറ്റുമെന്ന്് ആയിരുന്നു ആദ്യത്തെ ചിന്ത. അതുകൊണ്ട് തന്നെ നമ്മള് സാധരണ കണ്ടിട്ടുള്ള ത്രില്ലര്‍ സിനിമകളുടെ ടെംപ്ലേറ്റില്‍ നിന്ന് എങ്ങനെ മേക്കിംഗിലാണെങ്കിലും സ്ക്രിപ്റ്റിംഗിലാണെങ്കിലും ഒരു തുടക്കക്കാരന് എന്ന നിലയ്ക്ക് എന്ത് വ്യത്യസ്തമായി ചെയ്യാന്‍ സാധിക്കുമെന്നൊരു ആലോചന തുടക്കം മുതല്‍ ഉണ്ടായിരുന്നു. പിന്നെ അതിനെ പിന്തുണയ്ക്കുന്ന തിരക്കഥാകൃത്തും ഛായാഗ്രാഹകനും എഡിറ്ററും എല്ലാം ആയിരുന്നു എനിക്കൊപ്പം ഉണ്ടായിരുന്നത്.
ദുരഭിമാനക്കൊലയോട് യോജിക്കാനാവില്ല
ദുരഭിമാനക്കൊല അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്ത്രതില്‍ വന്നത് തിരക്കഥാകൃത്തിന്റെ ഭാഗത്ത് നിന്നാണ്. അതേ കുറിച്ച് പറയാന്‍ വേണ്ടി ഞങ്ങള്‍ ഉണ്ടാക്കിയ സിനിമയൊന്നുമല്ല ഇത്. പക്ഷെ പരിയേറും പെരുമാള്‍ പോലത്തെ സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. അത് കൊണ്ട് തന്നെ ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എന്തെങ്കിലും ഒരു വിഷയത്തെ അഡ്രസ് ചെയ്യണമെന്നൊരു ചിന്ത ഉണ്ടായിരുന്നു. പക്ഷെ നമുക്ക് എല്ലാ സിനിമകളിലും അത് പറഞ്ഞ് വെക്കാന്‍ സാധിക്കണമെന്നില്ല. ഈ സിനിമയില്‍ അത്തരമൊരു കാര്യം വരുകയും അത് വേണമെങ്കില്‍ പറയാം അല്ലെങ്കില്‍ പറയാതിരിക്കാം എന്നൊരു അവസരം ഉണ്ടായി. അപ്പോഴാണ് അത് പറയാമെന്ന് ചിന്തിച്ചത്. പിന്നെ ദുരഭിമാനക്കൊല നമ്മുടെ നാട്ടില്‍ ഇപ്പോഴും നടക്കുന്നുണ്ടല്ലോ. അതിനോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ സാധിക്കുകയുമില്ല. പക്ഷെ ഒരിക്കലും അത് പറയാന്‍ വേണ്ടി എടുത്ത സിനിമയല്ല അന്വേഷിപ്പിന്‍ കണ്ടെത്തും. പിന്നെ ദുരഭിമാനക്കൊലയ്ക്ക് പകരം മറ്റെന്ത് വേണമെങ്കിലും ഞങ്ങള്‍ക്ക് അവിടെ കൊണ്ട് വരാമായിരുന്നു. പക്ഷെ അതേ കുറിച്ച് സംസാരിക്കണോ വേണ്ടയോ എന്നത് അത് ഞങ്ങളുടെ തീരുമാനമായിരുന്നു. ദുരഭിമാനക്കൊലയെ കുറിച്ച് സംസാരിക്കാമെന്ന തീരുമാനമെടുത്തത് അതിനോട് യോജിക്കാന്‍ സാധിക്കാത്തത് കൊണ്ട് തന്നെയാണ്.
ഹീറോയിസം വേണ്ടെന്ന് തിരക്കഥ എഴുതുമ്പോഴെ തീരുമാനിച്ചിരുന്നു
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയുടെ സ്ക്രിപ്പിറ്റിംഗിന്റെ സമയത്ത് ഒരുപാട് ആലോചിച്ചിരുന്നു ഈ അന്വേഷണ ടീമിനെ രണ്ടാമത്തെ കഥയിലെങ്കിലും സക്സസ് ആക്കാമെന്ന്. പക്ഷെ നമ്മള് എപ്പോഴും ജീവിതത്തില്‍ വിജയിച്ച മനുഷ്യരെ മാത്രമല്ലല്ലോ കണ്ടിരിക്കുന്നത്. നമ്മളും ജീവിതത്തില്‍ തോറ്റ് പോയിട്ടുള്ള ആളുകളാണ്. അപ്പോള്‍ നമ്മുടെ ഹീറോയും ആ രീതിയില്‍ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അവസാനം കൈയ്യടി കിട്ടുന്ന അല്ലെങ്കില്‍ ഹീറോയിസത്തിന് വേണ്ടി ഒന്നും കൊണ്ടുവരണ്ടെന്ന് തിരക്കഥ എഴുതുമ്പോള്‍ തന്നെ തീരുമാനിച്ചിരുന്നു.
ഞാന്‍ കണ്ട സിനിമകളാണ് 90 കാലഘട്ടം കാണിക്കാന്‍ സഹായിച്ചത്
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയില്‍ 90 കാലഘട്ടം കാണിക്കാന്‍ വേണ്ടി ഭയങ്കരമായി റിസേര്‍ച്ച് ചെയ്തു എന്ന് ഞാന്‍ പറയില്ല. ഞാന്‍ ജനിച്ച് വളര്‍ന്ന കാലഘട്ടമാണെങ്കില്‍ പോലും ആ പ്രായത്തിലെ പല കാര്യങ്ങളും നമുക്ക് ഓര്‍മ്മയില്‍ ഉണ്ടാകില്ലല്ലോ. എന്നാല്‍ നമ്മള് കണ്ടിട്ടുള്ള സിനിമകളാണ് ഞങ്ങളെ ഇവിടെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളത്. ഐവി ശശി സാറിന്റെയും പ്രിയന് സാറിന്റെയും എല്ലാം സിനിമയില്‍ കണ്ടിട്ടുള്ള ഒരു കാലഘട്ടമുണ്ടല്ലോ. അത്തരം സിനിമകളുടെ സ്വാധീനം തീര്‍ച്ചയായും ഈ സിനിമയില്‍ ഉപകാരപ്പെട്ടിട്ടുണ്ട്. പിന്നെ 90കള്‍ കാണിക്കുമ്പോള്‍ എന്തൊക്കെ പാടില്ല എന്നത് കൃത്യമായി തന്നെ ശ്രദ്ധിച്ചിരുന്നു. കാരണം അന്ന് ഒരു ഫ്ലക്സ് ബോര്‍ഡ് പോലും വരാന്‍ പാടില്ല. ഇലക്ട്രിക് പോസ്റ്റുകളില്‍ വ്യത്യാസമുണ്ടാകും. അത്തരം കാര്യങ്ങളെല്ലാം തന്നെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. പിന്നെ ആര്‍ട്ട് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറും നല്ല രീതിയില്‍ തന്നെ നമ്മളെ പിന്തുണച്ചിരുന്നു. സിനിമ ഒരു കളക്ടീവാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ഈ സിനിമയില്‍ വര്‍ക്കൗട്ടായി വന്നിട്ടുണ്ട്.