സിനിമയിൽ നിന്ന് ആരെയും കാലാകാലം വിലക്കാനാവില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. വിലക്ക് നേരിടുന്ന നടന്മാരോടൊപ്പം ജോലി ചെയ്തയാളാണ് താൻ.വിലക്കുന്നവർ വിലക്കട്ടെ. അതിൽ കൂടുതൽ അവർ എന്ത് ചെയ്യാനാണ്. തിലകനെ വിലക്കിയില്ലേ . തൊഴിൽ ചെയ്യുന്നവരെ വിലക്കാൻ ആർക്കുമാവില്ലെന്നും നടൻ പ്രതികരിച്ചു. നടന്മാരായ ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും വിലക്കിയ നടപടിയിലാണ് പ്രതികരണം. പട്ടിക നിരത്താനാണെങ്കിൽ ജോലി ചെയ്തിട്ട് കാശ് തരാതെ പറ്റിച്ചവരുടെ കണക്ക് തങ്ങളും പുറത്ത് വിടുമെന്ന് നടൻ പ്രതികരിച്ചു.ലൈവ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം
അതേസമയം ഷൈൻ ടോം ചാക്കോ സെറ്റിൽ നൂറ് ശതമാനം കൃത്യനിഷ്ഠ പാലിക്കുന്നയാളാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അഭിനേതാവെന്ന നിലയിൽ സമർപ്പണമുള്ളയാളാണെന്നും സംവിധായകൻ പറഞ്ഞു. നിരവധി ഊഹാപോഹങ്ങൾ അന്തരീക്ഷത്തിലുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി ഉണ്ണികൃഷ്ണന്റെ ചിത്രമായ ക്രിസ്റ്റഫറിൽ ഷൈൻ പ്രധാന വേഷം ചെയ്തിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം