സുന്ദരിയായി പച്ച പുതച്ച പ്രകൃതിക്കൊപ്പം മഞ്ഞും ചാറ്റൽ മഴയും ചേരുന്ന സലാലയിലെ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം. കടുത്ത ചൂടിൽ നിന്നും ആശ്വാസമായി ചാറ്റൽ മഴ കുളിരു പകരുന്ന കാലാവസ്ഥയായതിനാൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഒട്ടനവധിയാളുകൾ ഇനിയുള്ള ദിവസങ്ങളിൽ സലാലയിലേക്കെത്തും. സെപ്റ്റംബർ 21 വരെയാണ് ഖരീഫ് സീസൺ.
വേനലവധിയും പെരുന്നാൾ അവധിയും ഒരുമിച്ചെത്തിയതിനാൽ സലാലയിൽ ഇത്തവണ കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ ഉൾപ്പടെ വിവിധ ജിസിസി രാജ്യങ്ങൾ ടൂർ പാക്കേജുകളും, വിമാന കമ്പനികൾ പ്രത്യേക വിമാന സർവീസുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.ജിസിസി രാജ്യങ്ങളിൽ നിന്നും ഒമാനിലെ മാറ്റ് പ്രദേശങ്ങളിൽ നിന്നുമാണ് സാധാരണ ഗതിയിൽ ഒട്ടേറെപ്പേർ എത്താറുള്ളത്.
ഖരീഫ് സീസണിന്റെ വരവറിയിച്ച് കഴിഞ്ഞ ദിവസങ്ങളിലായി സലാലയിൽ ചെറിയതോതിലുള്ള ചാറ്റൽ മഴ അനുഭവപ്പെട്ടിരുന്നു.ചൂടിനെ ശമിപ്പിച്ച് കൊണ്ട് മഴ പെയ്തതിനാൽ മലനിരകൾ ഇതിനോടകം തന്നെ പച്ചപ്പണിഞ്ഞു കഴിഞ്ഞു. ടൂറിസ്റ്റുകളുടെ വരവിനോടനുബന്ധിച്ച് ടൂറിസം മന്ത്രാലയത്തിന്റെയും ദോഫാർ ഗവർണറേറ്റിന്റെയും കീഴിൽ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു