ഷാർജ: ഷാർജയിൽ ഈ പുതുവർഷരാത്രിയിൽ ആഘോഷങ്ങൾക്ക് വിലക്ക്. പടക്കം പൊട്ടിക്കുന്നതടക്കമുള്ള ആഘോഷങ്ങൾക്ക് പുതുവർഷ രാത്രിയിൽ നിരോധനമേർപ്പെടുത്തിയതായി ഷാർജ പൊലീസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇസ്രയേൽ ആക്രമണത്തിൽ നരകയാതന അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും എല്ലാ സ്ഥാപനങ്ങളും വ്യക്തികളും നിരോധനാജ്ഞയുമായി സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഗാസ മുനമ്പിൽ ഇതിനകം 20,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ എഴുപത് ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്ക്. ഹമാസിനെ പൂർണമായും ഇല്ലാതാക്കും വരെ ആക്രമണം തുടരുമെന്നും യുദ്ധം മാസങ്ങളോളം നീണ്ടേക്കാമെന്നും ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിൻ്റെ ഉപരോധം പ്രാബല്യത്തിൽ വന്നതു മുതൽ, ഗാസയിലെ 2.4 ദശലക്ഷം ആളുകൾ നരകയാതന അനുഭവിക്കുകയാണ്. വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കെല്ലാം കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പരിമിതമായ സഹായം മാത്രമേ പ്രദേശത്തേക്ക് എത്തുന്നുള്ളൂ. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 1.9 ദശലക്ഷം ഗസ്സക്കാർ ഇതിനോടകം പലായനം ചെയ്തു കഴിഞ്ഞു.