റമദാന് മാസത്തില്‍ യുഎഇയില്‍ ഉടനീളം വിവിധ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ജോലി സമയത്തിലും സ്കൂള്‍ സമയത്തിലും ഇളവുകളും മാറ്റങ്ങളും പ്രഖ്യാപിച്ചു. ഹിജ്റ കലണ്ടര്‍ പ്രകാരം റമദാന് വ്രതാരംഭം 2024 മാര്‍ച്ച് 12നായിരിക്കും.

റമദാന് മാസത്തില്‍ യുഎഇയില്‍ വ്രതം നോല്‍ക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ജോലി സമയങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ-പൊതു മേഖല വ്യത്യാസമില്ലാതെ ജോലി സമയങ്ങളിലെ ഇളവ് ബാധകമാവും. ദീര്‍ഘ സമയം ജോലിയെടുക്കേണ്ട വരുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ വരെ ആയിരിക്കും ജോലി സമയങ്ങളില്‍ ഇളവുകള്‍ ലഭിക്കുക. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരത്തെ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്നുള്ളത് റമദാന് മാസത്തില്‍ ആറ് മണിക്കൂര്‍ ആയി ചുരുങ്ങും.
സ്കൂളുകളിലെ പഠന സമയം അഞ്ച് മണിക്കൂര്‍ ആയി ചുരുക്കും. അതേസമയം ഈ വര്‍ഷം പല സ്കൂളുകളും റമദാന് മാസത്തിലെ ആദ്യ മൂന്നാഴ്ചകള്‍ അവധി നല്‍കും.
പണം നല്കി പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലെ പുതുക്കിയ പാര്‍ക്കിംഗ് സമയവും ഉടന്‍ പ്രഖ്യാപിക്കും. റമദാന് മാസത്തോട് അടുത്തായിരിക്കും പ്രഖ്യാപിക്കുക.
