കാസർകോട്: കാസർകോട് ജില്ലയിലെ കുഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിൽ സർക്കാർ നിർദേശമില്ലാത അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ അനുമതിയില്ലാതെ സ്കൂൾ അധികൃതർ അധ്യയന അവധി നൽകാൻ ഇടയായ സാഹചര്യമെന്താണെന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. നാളെ തന്നെ അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്.
സ്കൂൾ ഹെഡ്മാസ്റ്റർ ഡിഇഒയ്ക്ക് നൽകിയ അപേക്ഷയിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൻ്റെ ഭാഗമായിട്ടാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് പറയുന്നുണ്ട്. എന്നാൽ സ്കൂളിൽ നിന്നും ലഭിച്ച അപേക്ഷയിൽ അവധി നൽകാൻ നിർദേശം നൽകിയിരുന്നില്ലെന്ന് ഡി.ഇ.ഒ വ്യക്തമാക്കുന്നു.