ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ എയർലൈനായ സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) യാത്രക്കാർക്ക് അൻപത് ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 17 മുതൽ 30 വരെയാണ് ഓഫർ കാലാവധി.ഈ വർഷം സെപ്തംബർ ഒന്ന് മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് യാത്രാനിരക്കിൽ ഇളവ് ലഭിക്കുക. അധിക ചാർജ്ജ് ഈടാക്കാതെ ബുക്കിംഗിൽ മോഡിഫിക്കേഷൻ വരുത്താനും ഓഫറിൽ അവസരമുണ്ട്.
സൗദ്ദിയെ ലോകവുമായി ബന്ധിപ്പിക്കുക എന്ന നിർണായക ദൗത്യമാണ് സൗദ്ദിയ എയർലൈൻസ് നിർവഹിക്കുന്നത്. ആ ദിശയിലുള്ള ചുവടുവയ്പ്പാണ് ഈ ഓഫർ – കമ്പനി വൃത്തങ്ങൾ വിശദീകരിച്ചു. അതേസമയം ചില ദിവസങ്ങളിലെ യാത്രകൾക്ക് ഈ ഓഫർ ബാധകമായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 20,21,22,23,24 എന്നീ അഞ്ച് ദിവസങ്ങളിലും നവംബർ 15 മുതൽ 23 വരെയുള്ള ഒൻപത് ദിവസങ്ങളിലും സൗദ്ദിയിൽ നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഓഫർ ലഭ്യമായിരിക്കില്ല. സെപ്റ്റംബർ 24 മുതൽ 27 വരെയും നവംബർ 24 മുതൽ 30 വരെയുമുള്ള ദിവസങ്ങളിൽ വിദേശത്ത് നിന്നും സൗദ്ദിയിലേക്കുള്ള വിമാനങ്ങളിലും ഓഫർ ലഭിക്കില്ല.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചാണ് സൗദ്ദി എയർലൈൻസ് സർവ്വീസ് നടത്തുന്നത്. ജിദ്ദയിൽ നിന്നും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും മിഡിൽ ഈസ്റ്റിലെ വിവിധ നഗരങ്ങളിലേക്കും ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ മേഖലകളിലെ രാജ്യങ്ങളിലേക്കും കമ്പനി സർവ്വീസ് നടത്തുന്നുണ്ട്.