മസാച്യൂസെറ്റ്സ് : ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടിവി ഷോയിലൂടെ പ്രിയങ്കരനായി മാറിയ യുഎസ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോയ്ക്ക് കാൻസർ. ജന്മദിനത്തിൽ കാൻസർ സ്ഥിരീകരിച്ച കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്. “ഈ ജന്മദിനം ഇതുവരെയുള്ളതിൽ നിന്ന് വ്യത്യസ്ഥമാണ്. കാരണം എനിക്ക് കാൻസർ സ്ഥിരീകരിച്ചത് ഈ ദിവസമാണ്. അടുത്ത കാലത്ത് നടത്തിയ വൈദ്യപരിശോധനകളിൽ പലതും നല്ല വാർത്തകളായിരുന്നില്ല തന്നത്. ഈ പ്രതികൂല സാഹചര്യത്തെ വിദഗ്ധരായ ഡോക്ടർമാരുടെയും മികച്ച ആശുപത്രികളുടെയും സഹായത്തോടെ ഞാൻ നേരിടും” – അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ രോഗവിവരങ്ങൾ അന്വേഷിക്കുന്നവരോട് ആവശ്യപ്പെട്ടു. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടിവി ഷോയിലൂടെ കോടതികളെ ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചയാളാണ് കാപ്രിയോ. 1985 മുതൽ പ്രൊവിഡൻസ് മുനിസിപ്പൽ കോടതി ജഡ്ജിയായും അദ്ദേഹം സേവനമനുഷ്ടിക്കുകയാണ്. കോടതികളെ ജനകീയമാക്കാൻ ടിവി ഷോകളും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നത് ഗുണകരമാകുമെന്ന നിലപാട് സ്വീകരിച്ച വ്യക്തി കൂടിയാണ് ഫ്രാങ്ക് കാപ്രിയോ.