ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് മാനുഷിക, വികസന സഹായം നൽകുന്നതിൽ സൗദി അറേബ്യ ലോകതലത്തിൽ ഒന്നാമതാണെന്ന് രാജകീയ ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 260.71 കോടി റിയാലാണ് ഇതുവരെ സൗദി സഹായമായി നൽകിയത്.
വികസന സഹായ സമിതി പ്രസിദ്ധീകരിച്ച സ്ഥിതിവിവര റിപ്പോർട്ടിനെ ആസ്പദമാക്കിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലെ സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓർഗനൈസേഷനാണ് വികസന സഹായ സമിതി. കൂടാതെ സംഭാവന നൽകുന്ന രാജ്യങ്ങൾക്കായുള്ള ഏറ്റവും വലിയ ഫോറം കൂടിയാണിത്. പാരിസിലാണ് ഇതിന്റെ ആസ്ഥാനം.
2021ൽ രാജ്യങ്ങൾ നൽകുന്ന ഔദ്യോഗിക വികസന സഹായം ഇതിൽ കാണിക്കുന്നുണ്ട്. സൗദിയുടെ സഹായം രാജ്യത്തിന്റെ മൊത്ത ദേശീയ വരുമാനത്തിന്റെ 1.05 ശതമാനമാണ്. ഈ കണക്കനുസരിച്ച് സൗദി അറേബ്യ ദാതാക്കളുടെ രാജ്യങ്ങളിൽ ഒന്നാമതായിരിക്കുമെന്നും 1970 ഒക്ടോബറിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച ലക്ഷ്യത്തെ മറികടക്കുമെന്നും ഡോ. അബ്ദുല്ല അൽറബീഅ വ്യക്തമാക്കി.
കൂടാതെ കിങ് സൽമാൻ റിലീഫ് കേന്ദ്രം സൗദി സഹായ പ്ലാറ്റ്ഫോമിൽ രാജ്യത്തിന്റെ മാനുഷിക, വികസന സഹായങ്ങൾ രേഖപ്പെടുത്തുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മാനുഷികവും വികസനപരവുമായ വ്യക്തിത്വം ഉയർത്തിക്കാട്ടുന്നതാണിത്. ബന്ധപ്പെട്ട സൗദി മന്ത്രാലയങ്ങളുമായും അധികാരികളുമായും സഹകരിച്ചാണ് സഹായം രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലൂടെയാണ് സഹായങ്ങൾ നൽകുന്നത്. രാജ്യം ലോകത്തെ ജനങ്ങൾക്കും രാജ്യങ്ങൾക്കും നൽകുന്ന സഹായം രേഖപ്പെടുത്തുന്നതിന് അധികാരികൾ നടത്തുന്ന മഹത്തായ ശ്രമങ്ങളെ അൽറബീഅ അഭിനന്ദിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങളും ഈ മഹത്തായ നേട്ടത്തിന് സംഭാവന നൽകിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങളിൽ സൗദിയെ മുൻപന്തിയിൽ നിർത്തിയെന്നും ഡോ. അൽറബീഅ വ്യക്തമാക്കി.