ദില്ലി: കാര്യമായ ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതിരുന്ന 2025 -ലെ കേന്ദ്രബജറ്റ് അവതരണത്തിന് ഏറ്റവും ഒടുവിലാണ് ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തുന്ന കാര്യം ധനമന്ത്രി പ്രഖ്യാപിച്ചത്. വൻ കരഘോഷത്തോടെയാണ് ബിജെപി എംപിമാർ ഈ പ്രഖ്യാപനത്തെ വരവേറ്റത്.
നിലവിൽ ഇത് ഏഴ് ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് ആദായനികുതി അടയ്ക്കണം. പുതിയ പ്രഖ്യാപനത്തോടെ ഈ പരിധിയിൽ മാറ്റം വരും. ആദായനികുതി സ്ലാബിൽ മാറ്റം വരുത്തുമെന്ന് നേരത്തെ തന്നെ സർക്കാർ വൃത്തങ്ങളിൽ സൂചനയുണ്ടായിരുന്നു. എന്നാൽ പത്ത് ലക്ഷം രൂപ വരെ ആദായനികുതി ഒഴിവാക്കും എന്നായിരുന്നു കരുതിയത്. എന്നാൽ ഈ പന്ത്രണ്ട് ലക്ഷം വരെ ആദായനികുതി ഒഴിവാക്കി കൊണ്ട് അക്ഷരാർധത്തിൽ ധനമന്ത്രി നികുതിദായകരെ ഞെട്ടിക്കുകയായിരുന്നു.
സ്റ്റാൻഡേർഡ് ഡിഡക്ഷനിലൂടെ 75 ,000 രൂപ വരെ ആളുകൾക്ക് നികുതി ഇളവ് നേടാൻ സാധിക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 12 ,75000 വരെ വരുമാനമുള്ളവർക്കും ഫലത്തിൽ നികുതി നൽകേണ്ടി വരില്ല. നിലവിൽ അരലക്ഷം രൂപ വരെയായിരുന്നു സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിച്ചത്. നിലവിൽ ഏഴ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ വരുമാനമുള്ളവർക്ക് പത്ത് ശതമാനവും പത്ത് ശതമാനം മുതൽ പന്ത്രണ്ട് ലക്ഷം വരെ വരുമാനമുള്ളവർക്ക് പതിനഞ്ച് ശതമാനവും ആയിരുന്നു ആദായനികുതി. ഈ വിഭാഗത്തിലുള്ളവർക്കെല്ലാം ഇനി നികുതി ഇനത്തിൽ ഇത്രയും തുക ലാഭിക്കാനാവും. ഒന്നേകാൽ ലക്ഷം രൂപ വരെ ഇങ്ങനെ നികുതി ഇനത്തിൽ ലാഭിക്കാം.
ജനപ്രിയമായ ഈ പ്രഖ്യാപനത്തിലൂടെ സർക്കാരിന് ഒരു ലക്ഷം കോടി രൂപയുടെയെങ്കിലും നികുതി നഷ്ടമുണ്ടാകും എന്നാണ് കരുതുന്നത്. എന്നാൽ രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ നികുതി ഇളവ് ഗുണം ചെയ്യും എന്നാണ് സാമ്പത്തികവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. രൂക്ഷമായ വിലക്കയറ്റവും ജീവിതചെലവും രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നികുതി ഇളവിലൂടെ ലാഭിക്കുന്ന തുകയും അവർ നിത്യജീവിതത്തിലെ ആവശ്യങ്ങൾക്കായി ചിലവിടുകയും അങ്ങനെ വിപണിയിലേക്ക് എത്തുന്ന പണം നികുതിയായും ജിഎസ്ടിയായും സർക്കാരിലേക്ക് തന്നെ തിരിച്ചെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് സർക്കാർ.