സൗദി അറേബ്യ പ്രഥമ പതാകദിനം ആചരിച്ചു. സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് എല്ലാ വർഷവും മാർച്ച് 11ന് ദേശീയ പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 22 സൗദി സ്ഥാപക ദിനമായും സെപ്റ്റംബർ 23 സൗദി ദേശീയ ദിനമായും ആചരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതൽ മാർച്ച് 11 ദേശീയ പ്രാധാന്യമുള്ള ദിനമായി പതാക ദിനം ആചരിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്. 86 വർഷത്തെ പഴക്കമാണ് ഇന്നത്തെ പതാകയ്ക്കുള്ളത്. എന്നാൽ ഇതുവരെ പതാക ദിനമായി ആചരിക്കുന്ന രീതി സൗദിയിൽ ഉണ്ടായിരുന്നില്ല.
പച്ച നിറത്തിൽ ‘അള്ളാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല’ എന്ന വാക്യവും വാളും വെള്ള നിറത്തിൽ ആലേഖനം ചെയ്തതാണ് സൗദിയുടെ പതാക. പതാകയുടെ പച്ചനിറം സമാധാനത്തെയും സമൃദ്ധിയെയും വളർച്ചയെയും സൂചിപ്പിക്കുന്നു. നാട്ടുരാജ്യങ്ങളായി ചിതറി കിടന്നിരുന്ന പുരാതന രാജ്യത്തെ അബ്ദുൾ അസീസി രാജാവിന്റെ നേതൃത്വത്തിൽ 1932 സെപ്റ്റംബർ 23നാണ് സൗദി അറേബ്യയായി പ്രഖ്യാപിക്കുന്നത്. അതേസമയം 1727ൽ ആദ്യ സൗദി ഭരണകൂടം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന പതാകയിൽ നിന്നും ഇന്നത്തെ പാതകയ്ക്ക് വലിയ മാറ്റങ്ങളുണ്ട്.
പതാക ഉയർത്തിയതിനു ശേഷം രാജ്യത്തിന് അകത്തും പുറത്തും ഇതുവരെ താഴ്ത്തിക്കെട്ടിയിട്ടില്ല. അതേസമയം 2014 സെപ്റ്റംബർ 23ന് ജിദ്ദയിലെ കിങ് അബ്ദുല്ല ചത്വരത്തിൽ 171 മീറ്റർ ഉയരത്തിലുള്ള (561 അടി) പതാക ഉയർത്തിയ സ്തൂഭം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊടി മരമാണ്. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോവിൽ 201.952 മീറ്റർ (662.57 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരമാണ് ഒന്നാം സ്ഥാനത്ത്.
ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാന തെരുവുകളും ചത്വരങ്ങളും പതാകകൾ കൊണ്ട് അലംകൃതമായിരുന്നു. വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഉൾപ്പെടെ എല്ലായിടത്തും കൊടികളും ഉയർത്തിയിരുന്നു. കൂടാതെ പലയിടങ്ങളിലായി പതാകയുടെ ലേസർ പ്രദർശനങ്ങളും ഉണ്ടായിരുന്നു. കൂടാതെ പതാകയുടെ ചരിത്രവും ആദർശവും പറയുന്ന പരിപാടികളും വിവിധ മുനിസിപ്പാലിറ്റികൾ സംഘടിപ്പിച്ചു.