സൗദി അറേബ്യയിൽ തലസ്ഥാന നഗരത്തിന് മോടി കൂട്ടാൻ പുതിയ ചത്വര വികസന പദ്ധതി വരുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും ന്യൂ സ്ക്വയർ ഡെവലപ്മെൻ്റ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതി പ്രഖ്യാപിച്ചരിക്കുന്നത്. ‘വിഷൻ 2030’ൻ്റെ കാഴ്ചപ്പാടിന് അനുസരിച്ച് തലസ്ഥാന നഗരവികസനമാണ് ലക്ഷ്യം.
ഹരിത ഇടങ്ങൾ, നടപ്പാതകൾ, ആരോഗ്യ പരിപാലന-കായിക വ്യായാമ സൗകര്യങ്ങൾ എന്നിവ ഇതിൻ്റെ ഭാഗമാണ്. നൂതന മ്യൂസിയം, ടെക്നോളജിയിലും ഡിസൈനിലും വൈദഗ്ധ്യമുള്ള സർവകലാശാല, സംയോജിത മൾട്ടി-യൂസ് തിയേറ്റർ, ലൈവ് ഷോകൾക്കും ഉല്ലാസത്തിനുമായി 80 ലധികം വിനോദ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്.
റിയാദിന് വടക്കുപടിഞ്ഞാറ് ഭാഗത്ത് കിംഗ് സൽമാൻ റോഡും കിംഗ് ഖാലിദ് റോഡും സന്ധിക്കുന്നിടത്ത് 19 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ രണ്ടര കോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കുക. ലക്ഷക്കണക്കിന് താമസക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 1,04,000 ഭവന യൂണിറ്റുകൾ, 9,000 ഹോട്ടൽ, അപ്പാർട്ട്മെൻ്റ് യൂണിറ്റുകൾ, 980,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കച്ചവട കേന്ദ്രം, 14 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഓഫീസ് സ്ഥലം, 620,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിനോദകേന്ദ്രം, 18 ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിൽ വ്യായാമത്തിനും ആളുകളുടെ ഒത്തുകൂടലിനും വിശ്രമത്തിനുമുള്ള തുറസ്സായ കേന്ദ്രം എന്നിവയും പദ്ധതിയിലുൾപ്പെടും. ജീവിക്കാനും ജോലി ചെയ്യാനും വിനോദത്തിനും അതുല്യമായ അനുഭവം പ്രദാനം ചെയ്യുന്നതാവും പുതിയ നഗരചത്വര പദ്ധതി. ആഭ്യന്തര ഗതാഗതത്തിനും സൗകര്യങ്ങളുണ്ടായിരിക്കും. വിമാനത്താവളത്തിൽനിന്ന് 20 മിനിട്ട് കൊണ്ട് ഇവിടെ എത്തിച്ചേരാനാവും.
റിയാദ് നഗരത്തെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താൻ ‘ക്യൂബ്’ ആകൃതിയിൽ പുതിയ ഐക്കൺ നിർമിക്കും. നൂതന സാങ്കേതികവിദ്യയിൽ അതുല്യമായ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് ക്യൂബ് നിർമാണം. 400 മീറ്റർ വീതം ഉയരവും വീതിയും നീളവും ഇതിനുണ്ടാകും. നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും വലിയ ലാൻഡ്മാർക്കുകളിൽ ഒന്നായത് മാറും. ക്യൂബിൻ്റെ പുറംഭാഗം പൗരാണിക റിയാദായ നജ്ദിൻ്റെ പ്രതീകങ്ങളുൾപ്പെടുത്തി ക്രിയേറ്റീവ് ടെക്നിക്കൽ ഡിസ്പ്ലേ ബോർഡ് കൊണ്ട് അലങ്കരിക്കും.
ഡിജിറ്റൽ, വെർച്വൽ സാങ്കേതിക വിദ്യകളിലൂടെയും ഏറ്റവും പുതിയ ഹോളോഗ്രാഫിക് ഇമേജിങ് സാങ്കേതിക വിദ്യകളിലൂടെയും നിർമിക്കുന്ന ക്യൂബ് അസാധാരണമായ പ്രതീതിയാണ് പ്രദാനം ചെയ്യുക. അതുല്യവുമായ രൂപകൽപ്പനയിൽ നിർമിക്കുന്ന ഗോപുരത്തിൽ ക്യൂബ് ഉറപ്പിക്കും.
പൊതുനിക്ഷേപ ഫണ്ടിൻ്റെ പ്രഖ്യാപിത സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ സ്ക്വയർ ഡെവലപ്മെൻ്റ് കമ്പനി തുടങ്ങിയിരിക്കുന്നത്. എണ്ണ ഇതര ജി.ഡി.പിയിലേക്ക് 180 ശതകോടി റിയാൽ വരെ സംഭാവന ചെയ്യാൻ നിർമാണം പൂർത്തിയാവുന്നതോടെ ഈ പദ്ധതിയിലൂടെ സാധിക്കും. പ്രത്യക്ഷവും പരോക്ഷവുമായ 334,000 തൊഴിലവസരങ്ങൾ ഉണ്ടാകും. 2030ലാണ് ചത്വരത്തിൻ്റെ നിർമാണം പൂർത്തിയാകും.