റിയാദ്: കുതിരപ്പുറത്തിരുന്ന് അമ്പ് തൊടുത്തുവിടുന്ന സുന്ദരിയെക്കുറിച്ച് അറബിക്കഥകളിൽ വായിച്ചിട്ടുണ്ടെങ്കിൽ ആ കഥകളിലെ നായിക സൗദി അറേബ്യയിലുണ്ട്. നൂറ അൽ ജാബിർ ,കുതിച്ചു പായുന്ന കുതിരപ്പുറത്തിരുന്ന് ലക്ഷ്യം തെറ്റാതെ അമ്പ് ചെയ്യുന്ന സുന്ദരി!
സൗദി അറേബ്യ പോലൊരു രാജ്യത്ത് നിന്നും കുതിര സവാരിയിലും ആയുധ കലയിലും തന്റെ കഴിവ് തെളിയിച്ച് ലോക ശ്രദ്ധ പിടിച്ച്പറ്റുകയാണ് നൗറ.
കുതിരപ്പുറത്ത് പാഞ്ഞെത്തി ലക്ഷ്യത്തിലേക്ക് അമ്പൈയ്യുന്നതിലും വാൾ പയറ്റിലുമുള്ള നൂറയുടെ വൈദഗ്ദ്ധ്യം ഏവരെയും അത്ഭുതപ്പെടുത്തും വിധമാണ്.
തന്റെ സ്വപ്നത്തിലേക്കുള്ള യാത്ര ഒമ്പതാം വയസ്സിൽ തന്നെ നൗറ തുടങ്ങിയിരുന്നു. കുതിരസവാരി, അമ്പെയ്ത്ത്, ടെൻറ് പെഗ്ഗിംഗ്, ഫെൻസിംഗ് തുടങ്ങി അറേബ്യൻ മണ്ണിലെ പൈതൃക കലകളിൽ നൗറ അന്നേ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കുട്ടിക്കാലം മുതൽ കുതിരകളോടും കുതിര സവാരിയോടുമുള്ള നൗറയുടെ അഭിരുചി ആദ്യം തിരിച്ചറിഞ്ഞത് അവളുടെ മാതാവായിരുന്നു. മകളുടെ അഭിരുചി മനസ്സിലാക്കിയ അവർ ചെറുപ്പത്തിൽ തന്നെ നൗറയെ പ്രത്യേക പരിശീലന കേന്ദ്രങ്ങളിൽ ചേർത്തു, അവിടെ നിന്ന് അവൾ കുതിരകളെ മെരുക്കാനും പരിപാലിക്കാനുമൊക്കെ നന്നായി പരിശീലിച്ചു.
നൗറയുടെ അർപ്പണബോധവും കഠിനാധ്വാനവും ഫലം കണ്ടു തുടങ്ങി. കാത്തിരിക്കാതെ അവസരങ്ങൾ തേടിയിറങ്ങിയ നൂറ രാജ്യത്തെ ആദ്യത്തെ സർട്ടിഫൈഡ് മൗണ്ടഡ് അമ്പെയ്ത്ത് പരിശീലകയായി മാറി. ടെന്റ് പെഗ്ഗിംഗ് പരിശീലക എന്ന അംഗീകാരവും കരസ്ഥമാക്കി.
തന്റെ സ്വപ്നവും ആത്മധൈര്യവും മുറുകെ പിടിച്ച് കൊണ്ട് നൗറ കുതിരപ്പുറത്ത് കുതിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് നൗറ ശ്രദ്ധേയയാണ്. ജോർദാനിലെ പെട്രയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ടെന്റ് പെഗ്ഗിംഗിലെ ആദ്യത്തെ വനിതാ കുതിരപ്പടയെന്ന നിലയിൽ സൗദി അറേബ്യയെ അഭിമാനത്തോടെ നയിച്ചത് ഈ സുന്ദരിയാണ്. തിളങ്ങുന്ന പ്രകടനത്തിന് ഉയർന്ന ബഹുമതിയും നേടിയാണ് അന്ന് നൂറ മടങ്ങിയത്.
കുതിര സവാരിയിൽ അഭിരുചിയുള്ള സൗദി അറേബ്യയിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകാനും നൗറ മുന്നിലുണ്ട്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമെല്ലാം കുതിരപ്പുറത്ത് കയറിയുള്ള അമ്പെയ്ത്ത് ,ടെന്റ് പെഗ്ഗിംഗ് തുടങ്ങിയ കായിക ഇനങ്ങൾ ആസ്വദിക്കാൻ ഏറെ ഇഷ്ടമാണ്. ഇത്തരം പൈതൃക കലകൾ അഭ്യസിക്കുന്നത് ചെറുപ്പക്കാർക്കിടയിൽ പുതിയ ട്രെൻഡും കൂടിയാണ്.
റിയാദിലെ പ്യുവർബ്രെഡ് അറേബ്യൻ ഹോഴ്സിനായുള്ള ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് (കഹില), കിംഗ് അബ്ദുൽ അസീസ് ഒട്ടകോത്സവം, അബ്ഖൈക്കിലെ സഫാരി ഫെസ്റ്റിവൽ, അൽഖോബാറിലെ റാംൽ & സ്എംആർ ഫെസ്റ്റിവൽ തുടങ്ങിയ ഉത്സവങ്ങളിൽ ശ്രദ്ധേയമായ പ്രദർശനങ്ങൾ നൗറ കാഴ്ചവെച്ചു.
പുരാതനമായ ഈ കലകൾ പുതിയ യുഗത്തിന് പരിചയപ്പെടുത്താനായി താനും കൂട്ടാളികളും ഏറെ പരിശ്രമിക്കുന്നുണ്ട് എന്നാണ് നൂറ പറയുന്നത്. സ്വപ്നം കാണാൻ കഴിയുന്നുണ്ടെങ്കിൽ അത് യാഥാർഥ്യമാക്കാനും കഴിയുമെന്ന സന്ദേശം ജീവിതത്തിലൂടെ പകരുന്ന നൂറ സൗദിയിലെ കൗമാരക്കാർക്കിടയിൽ താരമാണ്, ഒപ്പം അഭിമാനവും.