“എന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ.. അദാനി എന്ന ടൈംബോംബ് ടിക് ടിക് അടിക്കാൻ തുടങ്ങിയിരിക്കുന്നു.. അത് പൊട്ടുമ്പോൾ നീരവ് മോദിയുൾപ്പെടെയുള്ള വമ്പൻ തട്ടിപ്പുകാർ വെറും തെരുവ് ഗുണ്ടകളായി മാറും”
2018 ൽ സഞ്ജീവ് ഭട്ട് ഇങ്ങനെയാണ് ട്വിറ്ററിൽ കുറിച്ചത്. ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് തകർന്നിടിഞ്ഞ് വീഴുമ്പോൾ അഞ്ച് വർഷം മുൻപ് കുറിച്ച ഈ വരികളും പ്രസക്തമാവുകയാണ്.കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ നിരന്തരം വിമർശനമുന്നയിച്ച് സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിയുൾപ്പെടെ ഉള്ളവർക്കെതിരെ ഗൂഢാലോചന നടത്തി എന്നതടക്കം നിരവധി കേസുകളിൽ കുറ്റം ചുമത്തപ്പെട്ട് ഇപ്പോൾ ജയിലിലും.
Mark my words – The Adani timebomb is ticking…and when it goes off, it'll make Nirav Modi and gang appear like petty street thugs.
— Sanjiv Bhatt (IPS) (@sanjivbhatt) February 22, 2018
സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലിന് നിരന്തരം ഇരയാക്കപ്പെടുന്ന സഞ്ജീവ് ഭട്ട് ആരാണ് ?
മുംബൈ ഐഐടി പ്രൊഡക്ട് ആയ സഞ്ജീവ് ഭട്ട് 1988 ൽ ഐപിഎസ് നേടി സേനയുടെ ഭാഗമായി.ഗുജറാത്ത് വംശഹത്യ നടന്ന സമയം ഗാന്ധിനഗർ ഇൻ്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതലയായിരുന്നു ഇദ്ദേഹത്തിന്. അങ്ങനെയിരിക്കെ 2002 ഫെബ്രുവരിയിൽ ഗോധ്രാകലാപം പൊട്ടി പുറപ്പെട്ടത്. രാജ്യം കണ്ട ഏറ്റവും ക്രൂരമായ വംശഹത്യയുടെ ഭീകരദിനങ്ങൾ. ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളാണ് അദ്ദേഹത്തെ ഇന്ന് അഴിക്കുളളിലെ ഇരുട്ടിലടച്ചത്. കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയിൽ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹർജിയിൽ തനിക്കറിയാവുന്ന സത്യങ്ങളെല്ലാമുണ്ടായിരുന്നു. കോടതിയിൽ കഥകൾ മാറി .സഞ്ജീവ് ഭട്ടിൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിധിയെഴുതി തള്ളി.
രാഷ്ട്രീയ പകപോക്കലിന്റെ ദിനങ്ങളായിരുന്നു പിന്നീട്.
2011 മുതൽ സസ്പെൻഷനിലായിരുന്ന സഞ്ജീവ് ഭട്ട് 2015ൽ സർവീസിൽ നിന്ന് പുറത്തായി. കാരണങ്ങൾ പലതായിരുന്നു. പക്ഷേ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ നിരന്തരം വിമർശിച്ച് അയാൾ നിറഞ്ഞ് നിന്നു. അതിനിടെ 30 വർഷം മുൻപ് നടന്ന കസ്റ്റഡി മരണക്കേസും അഭിഭാഷകനെ മയക്കുമരുന്ന് കേസിൽ കുടുക്കി എന്ന ആരോപണവും സഞ്ജയ് ഭട്ട് നേരിടുന്നുണ്ടായിരുന്നു. ഒടുവിൽ കസ്റ്റഡി മരണക്കേസിൽ 2019ൽ ഭട്ടിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു . തടവറക്കുള്ളിലായിട്ട് നാല് വർഷം പിന്നിടുന്നു
അതിനിടെയാണ് ഹിൻഡൻബർഗ് റിപ്പോർട്ടും അദാനിയുടെ കിതപ്പും വീണ്ടും ഓർമകളെ സഞ്ജീവ് ഭട്ടിലേക്ക് എത്തിക്കുന്നത്.