തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിന് പേശികളെ ബാധിക്കുന്ന അപൂർവ രോഗം സ്ഥിരീകരിച്ചു. താരം തന്നെയാണ് രോഗവിവരം തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മയോസൈറ്റിസ് എന്ന അപൂർവ രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നത് എന്ന് താരം വെളിപ്പെടുത്തുന്നു.
യശോദ എന്ന പുതിയ ചിത്രത്തിൻ്റെ ട്രെയ്ലറിന് ലഭിച്ച പ്രതികരണം തന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്നേഹമാണ് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ ശക്തി നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചിരുന്നു.ഈ സമയവും കടന്ന് പോകുമെന്നും സാമന്ത കയ്യിൽ ഡ്രിപ്പ് ഇട്ടിരിക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നു.
എന്താണ് മയോസൈറ്റിസിസ്?
ഏത് പ്രായക്കാർക്കും ബാധിക്കാവുന്ന രോഗമാണ്. ശ്വസിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രോഗാവസ്ഥയാണ്. പല തരം മയോസൈറ്റിസുകളുണ്ട്. അതിൽ പ്രധാനം പോളി മയോസൈറ്റിസും ഡെർമാ മയോസൈറ്റിസുമാണ്.
ലക്ഷണങ്ങൾ
പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് പ്രധാന ലക്ഷണം. ഇടയ്ക്കിടെ ബാലൻസ് തെറ്റി വീഴുക, കുറച്ച് സമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.
എങ്ങനെ രോഗം കണ്ടെത്താം ?
രോഗലക്ഷണങ്ങൾ പ്രകാരം മയോസൈറ്റിസ് ഉള്ളതായി സംശയം തോന്നിയാൽ ഡോക്ടർ ആദ്യം രക്തം പരിശോധനയ്ക്ക് അയക്കും. പിന്നീട് എംആർഐ സ്കാൻ, ഇഎംജി തുടങ്ങിയ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.
ചികിത്സ
ചികിത്സയുള്ള രോഗമാണ് മയോസൈറ്റിസ്. അപൂർവ രോഗമാണെങ്കിലും കൃത്യമായ മരുന്നും വ്യായാമവും കൊണ്ട് രോഗത്തെ കീഴ്പ്പെടുത്താൻ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം ഉറപ്പ് നൽകുന്നത്.
മയോസൈറ്റിസിനെക്കുറിച്ച് കൂടുതൽ അറിയാൻ:
https://www.nhs.uk/conditions/myositis/