ദുബയ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വര്‍ണ വ്യാപാരം വര്‍ധിക്കുന്നു. ദുബായിൽ പുതിയ ഗോള്‍ഡ് സൂക്ക് തുറന്നതോടെ കേരളമടക്കം ഇന്ത്യയില്‍ നിന്നുള്ള സ്വര്‍ണ വ്യാപാരികള്‍ യുഎഇ യില്‍ മുതല്‍മുടക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നും സ്വര്‍ണം ഇറക്കുമതിക്ക് ഇപ്പോഴും നിരവധി തടസ്സങ്ങളുണ്ട്. ഇക്കാര്യം പരിഹരിക്കുന്നതിന് കേന്ദ്രസര്ക്കാരൂമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ഓള് ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ചെയര്മാന് സയ്യാം മെഹറ ദുബയില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. അബുദബിയിലും ദുബായിലാണ് ചര്‍ച്ചകള്‍ നടന്നത്. സിപ കരാര്‍ അനുസരിച്ചുള്ള സ്വര്‍ണ വ്യാപാരം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിവരികയാണ്. 15 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കുന്ന ഇന്ത്യയില്‍ 1% ഇളവ് അനുവദിച്ചു കൊണ്ടുള്ള സിപാ കരാര്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് വളരെ ആശ്വാസം നല്‍കുന്നതാണ്. 200 ടണ്‍ വരെ സ്വര്‍ണം ഒരു വര്‍ഷം ഇറക്കുമതി ചെയ്യാന്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ട്.
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ വ്യാപാരികള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് വരുന്ന സ്വര്‍ണത്തിന് പോലും 11 ലക്ഷം രൂപ, ഒരു കിലോ സ്വര്‍ണത്തിന് പ്രീമിയം മണി ഡെപ്പോസിറ്റ് ആയി വയ്ക്കേണ്ടതുണ്ട്. പിന്നീട് പ്രീമിയം തുക തിരിച്ചുകിട്ടാനും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജിജെസി ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
ജിജെസി വൈസ് ചെയര്മാന് രാജേഷ് റോക്ക്ഡെ, മുന്‍ ചെയര്മാന് നിധിന് കണ്ടേല്‍വാള്‍, ചന്തുഭായ് സിറോയ, മുനീര്‍ തങ്ങള്‍, ഗൗരവ് ഇസാര്‍ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തു. ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ തങ്ങളുടെ വരാനിരിക്കുന്ന ബി2ബി എക്സിബിഷന്, ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഷോ (ജിജെഎസ്) പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായില്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് മീറ്റ് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി 2023 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെ മുംബൈയിലെ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററില്‍ മെഗാ ബി2ബി എക്സ്പോയുടെ ദീപാവലി പതിപ്പ് നടത്തും. ഷോയില്‍ 500-ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും