ടർക്കിഷിലെ പ്രമുഖ പാചക വിദഗ്ധന്‍ സാള്‍ട്ട് ബേ എന്ന പേരിൽ അറിയപ്പെടുന്ന നുസ്രെത് ഗോക്ചെ ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് വിവാദത്തിലായി. വിജയികള്‍ക്കും ചുരുങ്ങിയ ചിലര്‍ക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാന്‍ അനുമതിയുള്ളൂ. എന്നാൽ സാള്‍ട്ട് ബേ വിജയികളുടെ മെഡല്‍ കടിക്കുക കൂടി ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവച്ച ചിത്രങ്ങള്‍ക്കും വിഡിയോകൾക്കും വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അര്‍ഹതയില്ലാതെ ലോകകപ്പില്‍ തൊടുകയും ഫുട്ബോള്‍ കളിക്കാരെ അപമാനിക്കുകയും ചെയ്തുവെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. ലുസൈല്‍ സ്റ്റേഡിയത്തിൽ അര്‍ജന്റീന ടീം അംഗങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെ സാള്‍ട്ട് ബേ ലോകകപ്പ് ട്രോഫി കയ്യിലെടുത്തു. ഏഞ്ചല്‍ ഡി മരിയ, ലിയോണല്‍ മെസി അടക്കമുള്ള താരങ്ങള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും സാള്‍ട്ട് ബേ പങ്കുവച്ചിട്ടുണ്ട്. അബുദാബി, ദോഹ, ന്യൂയോര്‍ക്ക്, മിയാമി, ദുബായ് തുടങ്ങിയ പല ഇടങ്ങളിലും സാള്‍ട്ട് ബേയ്ക്ക് ഭക്ഷണ ശാലകളുണ്ട്. പ്രത്യേക രീതിയിലുള്ള ഇറച്ചിമുറിക്കലും ഉപ്പ് വിതറലുമെല്ലാം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ പാചക വിദഗ്ധനാണ് നുസ്രെത് ഗോക്ചെ എന്ന സാൾട്ട് ബേ.
ഫിഫ വെബ്സൈറ്റില്‍ വിശദമാക്കുന്നതനുസരിച്ച് ലോകകപ്പിന്റെ ഒറിജിനല്‍ തൊടാന്‍ അനുമതിയുള്ളത് വിജയികള്‍ക്കും മുൻ വിജയികള്‍ക്കും മറ്റ് ഔദ്യോഗിക വ്യക്തികൾക്കും മാത്രമാണ്. അതേസമയം 2014ല്‍ നടന്ന ലോകകപ്പ് മത്സരത്തിൽ പോപ്പ് ഗായിക റിഹാനയും സമാനമായ നിലയില്‍ നിബന്ധനകള്‍ ലംഘിച്ചിരുന്നു. ജര്‍മനിയുടെ വിജയത്തിന് പിന്നാലെ സ്വര്‍ണക്കപ്പിനൊപ്പമുള്ള സെല്‍ഫിയടക്കം പുറത്ത് വിട്ടാണ് റിഹാന വിവാദത്തിലായത്.