തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ശബരിമല ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഈ സീസൺ മുതൽ പ്രതിദിനം 80000 പേരെ മാത്രമായിരിക്കും ഒരു ദിവസം ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കുക. ഇതിൽ 70,000 പേർക്കും വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യേണ്ടി വരും. ബാക്കി പതിനായിരം സ്ലോട്ടുകൾ സ്പോട്ട് ബുക്കിംഗിനായി മാറ്റിവച്ചേക്കും എന്നാണ് സൂചന.
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധവും പാർട്ടിക്കുള്ളിൽ തന്നെയുണ്ടായ എതിർപ്പും ഉണ്ടായെങ്കിലും സ്പോട്ട് ബുക്കിംഗ് പതിനായിരത്തിൽ ഒതുക്കി നിർത്തുകയാണ് സർക്കാർ. നേരത്തെ പ്രഖ്യാപിച്ച പോലെ 80000 പേർക്ക് മാത്രമാണ് പ്രതിദിനം ശബരിമലയിൽ ഇനി പ്രവേശനം ഉണ്ടാവുക. അതിൽ പതിനായിരം സ്ലോട്ടുകൾ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. വിർച്വൽ ക്യൂ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയാൽ മാലയിട്ട് എത്തുന്ന എല്ലാവർക്കും ശബരിമലയിൽ ദർശനം നടത്താൻ സാധിക്കുമോ എന്ന സംശയമാണ് പത്തനംതിട്ടയിലെ സിപിഎമ്മും ഇടതുമുന്നണി ഘടകകക്ഷികളും മുന്നോട്ട് വയ്ക്കുന്നത്. വിഷയം യുഡിഎഫും സംഘപരിവാറും ഭക്തരെ കുത്തിയിളക്കാൻ വേണ്ടി ഉപയോഗിക്കുമോ എന്ന ആശങ്കയും പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ ശബരിമല പ്രക്ഷോഭം പോലെയൊരു വൈകാരിക വിഷയമായി ഇതുമാറ്റപ്പെടുമോ എന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിൻ്റെ ആവലാതി.