പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താസമ്മേളനം ആരംഭിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തര്‍ക്കമുണ്ടായ കാര്യത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
വിജയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് പറയുമെന്ന് സുധാകരന്‍ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. താന്‍ അതിനെ എതിര്‍ക്കുകയായിരുന്നുമെന്നും സതീശന്‍ പറഞ്ഞു. തങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത് സമ്മേളന വേദിയില്‍ വെച്ചല്ല, അതിന് മുമ്പ് ഡിസിസി ഓഫീസില്‍ വെച്ചാണ് എന്നും സതീശന്‍ പറഞ്ഞു.
‘ഞാനും കെപിസിസി പ്രസിഡന്റും തമ്മില്‍ തര്‍ക്കമുണ്ടായെന്നത് സത്യമാണ്. എന്നാല്‍ വാര്‍ത്താ സമ്മേളന വേദിയില്‍ വച്ചല്ല, അതിനു മുമ്പ് ഡിസിസി ഓഫിസില്‍ വച്ചാണ്. 37,000നു മുകളില്‍ വോട്ടിനു ജയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്നാണ് താന്‍ പറയാന്‍ പോവുന്നതെന്ന്. ഞാന്‍ അതിനെ എതിര്‍ത്തു. ഒരു കാരണവശാലും അങ്ങനെ പറയാന്‍ പറ്റില്ല, അങ്ങനെ പറയാന്‍ പാടില്ല. കാരണം എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ട വിജയമാണ്. ടീം യുഡിഎഫിനാണ് ഇതിന്റെ ക്രെഡിറ്റെന്ന് പറയണം എന്നു ഞാന്‍ ആവശ്യപ്പെട്ടു.
താന്‍ അങ്ങനെ പറയില്ലെന്നാണ് സുധാകരന്‍ പ്രതികരിച്ചത്. ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്നേ താന്‍ പറയൂ. അങ്ങനെ പറയാന്‍ വന്ന കെ സുധാകരനെ സംസാരിപ്പിക്കാതിരിക്കാനാണ് താന്‍ വാര്‍ത്താ സമ്മേളനത്തില്‍ ശ്രമിച്ചത്. താനാണ് കെപിസിസി പ്രസിഡന്റ്, താന്‍ ആദ്യം പറയും എന്നു പറഞ്ഞ് അദ്ദേഹം മൈക്ക് വാങ്ങി. വാശിപിടിച്ച പോലെ എല്ലാത്തിന്റെയും ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.” വിഡി സതീശന്‍ പറഞ്ഞു.
തൊണ്ടയ്ക്ക് പ്രശ്മായതു കൊണ്ടാണ് അന്നു കൂടുതല്‍ സംസാരിക്കാതിരുന്നത്. കെപിസിസി പ്രസിഡന്റ് ഏതാണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.