യുക്രൈൻ റഷ്യയുടെ ഭാഗമാകണോ എന്ന ഹിതപരിശോധനയിൽ അനുകൂല ഫലമെന്ന് റഷ്യ. യുക്രൈയ്നിലെ നാലിടങ്ങളിലും റഷ്യയ്ക്കനുകൂലമായ ഫലമാണെന്ന് റഷ്യ അവകാശവാദമുന്നയിച്ചു. റഷ്യൻ സൈന്യത്തിനു കീഴിലുള്ള ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ പ്രവിശ്യകളിൽ നടത്തിയ ഹിതപരിശോധനയിലാണ് റഷ്യ വിജയം അവകാശപ്പെട്ടത്. യുക്രൈയ്ന്റെ 15% വരുന്ന ഈ മേഖലകൾ സ്വന്തമാക്കുന്നതിനായി പാർലമെന്റ് അംഗീകാരത്തിനുള്ള നടപടികളിലേക്ക് റഷ്യ പ്രവേശിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ലുഹാൻസ്കിൽ 98%, ഡോണെറ്റ്സ്കിൽ 99%, ഹേഴ്സനിൽ 87%, സാപൊറീഷ്യയിൽ 93% എന്നിങ്ങനെയാണ് യുക്രെയ്ൻ വിട്ടു റഷ്യയോടു ചേരാൻ കിട്ടിയ സമ്മതവോട്ടു ശതമാനമെന്ന് റഷ്യയെ പിന്തുണയ്ക്കുന്ന പ്രാദേശിക ഭരണകൂടങ്ങൾ അറിയിച്ചു. റഷ്യയുടെ ഭാഗമാക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് അഭ്യർഥിക്കുമെന്നും ഭരണകൂടങ്ങൾ വ്യക്തമാക്കി. മോസ്കോയിലെ പ്രസിദ്ധമായ റെഡ് സ്ക്വയറിൽ വച്ച് ഔദ്യോഗികമായ പ്രഖ്യാപനം നാളെയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഹിതപരിശോധനയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവരുമെന്ന് യുഎസ് വ്യക്തമാക്കി. ഹിതപരിശോധന അനധികൃതമാണെന്നും ഫലം അംഗീകരിക്കാനാവില്ലെന്നുമാണ് യുക്രൈയ്ൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. റഷ്യൻ സേനയുടെയോ റഷ്യയെ അനുകൂലിക്കുന്ന യുക്രെയ്ൻ വിമതസേനയുടെയോ നിയന്ത്രണത്തിലാണ് ഡോണെറ്റ്സ്കിന്റെ 60 ശതമാനവുമെന്ന് റഷ്യൻ സർക്കാർ വക്താവ് പറഞ്ഞു.