മോസ്കോ: ക്യാൻസറിനെതിരെ വാക്സീൻ വികസിപ്പിച്ചെന്ന റഷ്യയുടെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് ലോകം വരവേൽക്കുന്നത്. എന്നാൽ വാക്സീൻ സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പലരും ഇതിൻ്റെ ഗുണഫലത്തെക്കുറിച്ചും സംശയം ഉന്നയിക്കുന്നു. എന്നാൽ ആധുനിക ലോകത്ത് മനുഷ്യരാശിയ്ക്ക് ഏറ്റവും വെല്ലുവിളിയാവുന്ന അർബുദരോഗത്തെ നേരിടാൻ വാക്സീൻ എന്ന വാർത്തയോട് വലിയ പ്രതീക്ഷയോടെയാണ് ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും പ്രതികരണം ഉണ്ടായിരിക്കുന്നത്. റഷ്യ ഉടൻ ക്യാൻസർ വാക്സീൻ വികസിപ്പിക്കുമെന്ന് പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.
റഷ്യൻ ആരോഗ്യമന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ക്യാൻസർ വാക്സീൻ വികസിപ്പിതായി സ്ഥിരീകരിച്ചത്. 2025 തുടക്കത്തിൽ തന്നെ വാക്സീൻ സൌജന്യമായി ജനങ്ങൾക്ക് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിരവധി ഗവേഷണ കേന്ദ്രങ്ങളുമായി ചേർന്നാണ് വാക്സീൻ വികസിപ്പിച്ചതെന്നും രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അർബുദ കോശങ്ങളെ വാക്സീൻ ഫലപ്രദമായി പ്രതിരോധിച്ചെന്നും ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സബർഗ് പറഞ്ഞു . അർബുദ കോശങ്ങൾ വളരുന്നും വ്യാപിക്കുന്നതും തടയാൻ വാക്സീന് സാധിക്കുന്നുണ്ട്.
അതേസമയം വാക്സീൻ വികസിപ്പിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇൻലിജൻസ് കാര്യമായി ഗുണം ചെയ്തുവെന്നാണ് അലക്സാണ്ടർ ജിൻ്റ്സബർഗ് പറയുന്നത്. അതേസമയം വാക്സീൻ എല്ലാതരം ക്യാൻസറിനും ഫലപ്രദമാണോ എന്ന കാര്യം വ്യക്തമല്ല. എത്രത്തോളം ഫലപ്രാപിതിയുണ്ടെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. വാക്സീൻ സംബന്ധിച്ച വിശദമായ ശാസ്ത്രീയ റിപ്പോർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം. അർബുദ രോഗത്തിനെതിരെ വാക്സീൻ വികസനിപ്പിക്കാൻ ലോകത്തെ പല ഭാഗത്തും നിലവിൽ പരീക്ഷണങ്ങൾ നടന്നു വരികയാണ്. യുകെയും ജർമ്മനിയും ചേർന്ന് നിലവിൽ വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണയും മെർക്കും ചേർന്നും വാക്സീൻ പരീക്ഷണം തുടരുകയാണ്. സെർവിക്കൽ ക്യാൻസർ തടയാനുള്ല വാക്സീൻ ഇതിനോടകം വിപണിയിൽ എത്തിയിട്ടുണ്ട്. ബ്രെയിൻ ക്യാൻസറിനെതിരെ വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അമേരിക്കയിലെ ഫ്ലോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ. ഫ്ലോറിഡയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത എംആർഎൻഎ വാക്സീനാണ് ഇതിനു സമാനമായിട്ടാവും റഷ്യൻ വാക്സിനും പ്രവർത്തിക്കുക എന്നാണ് പൊതുവെയുള്ള അനുമാനം.