യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ തടവുകാരുടെ കൈമാറ്റത്തിന് യുക്രെയ്ൻ, റഷ്യൻ അധികൃതർ നടത്തിയ ചർച്ച ധാരണയിലെത്തി. റഷ്യയുടെ അമോണിയ കയറ്റുമതിക്ക് അനുമതി നൽകുന്നതും ചർച്ചയിൽ വിഷയമായതായി റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്നിലെ പൈപ്പ് ലൈൻ വഴിയാണ് ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് റഷ്യ അമോണിയ കയറ്റിയയക്കുന്നത്. ഇത് തടസ്സപ്പെടുത്താതിരിക്കാനും യുദ്ധത്തിനിടെ പിടിയിലായവരെ പരസ്പരം കൈമാറാനുമുള്ള ചർച്ചയിലാണ് ധാരണയായത്.
യു.എ.ഇയാണ് ചർച്ചയ്ക്ക് മധ്യസ്ഥതവഹിച്ചത്. യു.എന്നിന്റെയും തുർക്കിയയുടെയും മധ്യസ്ഥതയിൽ യുക്രെയ്നിൽനിന്ന് ധാന്യത്തിന്റെയും വളത്തിന്റെയും കയറ്റുമതിക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. യുദ്ധത്തിനിടയിലും കടൽവഴിയുള്ള ചരക്കുനീക്കം പ്രയാസമില്ലാതെ നടന്നിരുന്നു. ഇത് ഭക്ഷ്യക്ഷാമം തടയാൻ ലക്ഷ്യമിട്ടുള്ള ഈ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അമോണിയ കയറ്റുമതി തടസ്സപ്പെടാതിരിക്കണമെങ്കിൽ മൈക്കോലൈവ് തുറമുഖം തുറക്കാൻ അനുവദിക്കണമെന്ന് യുക്രൈൻ നിബന്ധന വച്ചിരുന്നു. തടവുകാരെ കൈമാറണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി നിബന്ധനവെച്ചതായും റഷ്യ ഇത് അംഗീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.