തിരുവനന്തപുരം: കൊടുംചൂട് തുടരുന്നതിനിടെ കേരളത്തിൻ്റെ തെക്കൻ ജില്ലകളിൽ രൂക്ഷമായ കടലാക്രമണം. ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണമുണ്ടായത്.
തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നീ തീരപ്രദേശങ്ങളിലായി നൂറുകണക്കിന് വീടുകളിൽ കടൽ വെള്ളം കയറി. ഈ പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ കാറ്റും തിരമാലയും തുടരുകയാണ്. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.
ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞ വഴി, ചേർത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലേറ്റം ഉണ്ടായത്. പുറക്കാട് രാവിലെ കടൽ ഉൽവലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു. തൃശൂരിൽ പെരിഞ്ഞനത്താണ് കടലേറ്റം. തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.
കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം. ഇവിടെയും ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം മേഖലകളിൽ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറേതാണ് മുന്നറിയിപ്പ്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം കടലാക്രമണത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും കഴിഞ്ഞ വർഷങ്ങളിലും മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങളിൽ ഇതേ രീതിയിൽ പലയിടത്തും കടൽ പിൻവലിയുകയും കടലേറ്റം സംഭവിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് സമുദ്ര നിരീക്ഷകർ വ്യക്തമാക്കി.